ശാസ്താംകോട്ട:ശാസ്താംകോട്ട ജംഗ്ഷനിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം മഴയിൽ ചോർന്നൊലിക്കുന്നു.ഈ
കാത്തിരിപ്പ് കേന്ദ്രത്തിൽ
കൈയ്യിൽ കുട കരുതാതെ മഴയത്ത് കയറി നിന്നാൽ കുളിച്ച് മടങ്ങാം.ചോർന്നൊലിക്കുന്നത് കൂടാതെ കാറ്റ് വീശിയടിക്കുമ്പോഴും മഴ വെള്ളം കാത്തിരിപ്പ് കേന്ദ്രത്തിന് അകത്തെത്തും.ഭരണിക്കാവ് ഭാഗത്തേക്ക് യാത്രക്കാർ ബസ് കയറാൻ കാത്തു നിൽക്കുന്നിടത്താണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.വ്യാപാര സ്ഥാപനങ്ങളും മറ്റും കുറവായ ഈ ഭാഗത്ത് യാത്രക്കാർ മഴയത്തും വെയിലത്തും ആശ്രയിക്കുന്നത് ഈ കാത്തിരിപ്പ് കേന്ദ്രത്തെയാണ്.നിർമ്മാണത്തിലെ അപാകതയാണ് യാത്രക്കാർക്ക് പ്രയോജനമില്ലാതെ ചോർന്നൊലിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഏറെ കൊട്ടിഘോഷിച്ച്
കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയത്.നിയോജക മണ്ഡലത്തിൽ എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന ബോർഡ് ഉൾപ്പെടെ ഇവിടെ കാണാം.യാത്രക്കാർക്ക് വൈഫൈ സംവിധാനം,മൊബൈൽ ചാർജിങ്,കുടിവെള്ളം ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ ഒന്നുമുണ്ടായില്ല.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ പണി കഴിപ്പിച്ചിട്ടുണ്ട്.