യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍

Advertisement

പ്രതികളെ പിടികൂടാനായത് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവില്‍

കരുനാഗപ്പള്ളി .യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കിയ പ്രതികള്‍ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവില്‍ പിടിയിലായി. തഴവ കടത്തൂര്‍ വലിയതൊടിയില്‍ നൗഫല്‍(26), കരുനാഗപ്പള്ളി, കുലശേഖരപുരം സിയാ മന്‍സിലില്‍ യാസിം(24), കരുനാഗപ്പള്ളി തഴവ, കടത്തൂര്‍ പോച്ചേ തെക്കതില്‍ അജ്മല്‍(23) എന്നിവരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

ആര്‍.എസ്.എസ് ന്‍റെ പദസഞ്ചലന പരിപാടി കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് പുതിയകാവില്‍ ബസ്സില്‍ വന്നിറങ്ങിയ ആദിനാട് പുന്നംകുളം സ്വദേശി അക്ഷയ്കുമാറും സുഹൃത്തുക്കളുമായി പ്രതികള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനു ശേഷം സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ പോയ അക്ഷയ്കുമാറിനെ ഇവര്‍ ടിവി ജംഗഷന് സമീപത്ത് വച്ച് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത് കരുനാഗപ്പള്ളി എ.സി.പി യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ 36 മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ സഹായകമായത്. പ്രതികൂല കാലാവസ്ഥയും, പ്രതികള്‍ സഞ്ചരിച്ച ഇരു ചക്ര വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാതിരുന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതും പ്രതികളെ തിരിച്ചറിയുന്നതിനും അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിനും തടസ്സമായെങ്കിലും സാഹചര്യ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ നൗഫല്‍. ഇയാള്‍ മുമ്പും കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ഗോവ, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനുള്ള സാഹചര്യം മുന്നില്‍ കണ്ട് വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യ്തിരുന്നെങ്കിലും കരുനാഗപ്പള്ളി പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളത്ത് നിന്നുമാണ് ഇവര്‍ പിടിയിലായത്. ക്രമസമാധാന പ്രശ്നങ്ങളിലേക്ക് വഴുതി വീഴാമായിരുന്ന സംഭവത്തില്‍ നിതാന്ത ജാഗ്രതയോടെ പോലീസ് നടത്തിയ ഇടപെടലാണ് അനിഷ്ട സംഭവങ്ങള്‍ ഓഴിവാക്കാന്‍ സഹായകമായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വി, എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, എ.എസ്.ഐ ജോയ്, എസ്.സി.പി.ഓ രാജീവ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement