കുന്നത്തൂർ.ഭരണിക്കാവ് – കൊട്ടാരക്കര പ്രധാന പാതയിൽ സിനിമാപറമ്പ് മുതൽ കുന്നത്തൂർ പാലം വരെ റോഡിൽ രൂപപ്പെട്ട ഗർത്തങ്ങൾ അപകടം വിതയ്ക്കുന്നു.തൊളിക്കൽ,പൂതക്കുഴി ഷാപ്പ്,നെടിയവിള എ.ടി.എമ്മിന് മുൻവശം,ഫാക്ടറി ജംഗ്ഷൻ,ആറ്റുകടവ് വളവ്,ആറ്റുകടവ് ജംഗ്‌ഷൻ എന്നീ ഭാഗങ്ങളിലാണ് വലിയ കുഴികൾ ദുരിതം വിതയ്ക്കുന്നത്.മാസങ്ങൾക്കു മുമ്പ് ചെറുതായി രൂപം കൊണ്ട കുഴികൾ മഴ ശക്തമായതോടെ ആഴമുള്ള കുഴികളായി മാറുകയായിരുന്നു.മഴ ശക്തമായതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയാണെന്ന് അറിയാതെ ഇരുചക്ര വാഹന യാത്രികരും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവാണ്.കഴിഞ്ഞ ദിവസം പൂതക്കുഴി ഷാപ്പിന് മുൻപിൽ മഴ വെള്ളം കെട്ടിക്കിടന്ന വലിയ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു.ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.
തിരക്കേറിയ നെടിയവിള എ.ടി.എമ്മിന് മുൻവശം റോഡിൽ മധ്യഭാഗത്തായി നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.ആറ്റുകടവിലെ
കൊടും വളവിലെ കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് നാട്ടുകാരായ യുവാക്കൾ അടച്ചിരുന്നെങ്കിലും ശക്തമായ മഴയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കയാണ്.റോഡ് തകർന്ന് അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരും യാത്രക്കാരും എംഎൽഎ,പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പരാതിയുണ്ട്.