ഒറ്റ മഴയിൽ ഭരണിക്കാവ് ടൗൺ വെള്ളക്കെട്ടായതിന് കാരണം എന്ത്: ഗതാഗതം തടസ്സപ്പെട്ടു,കടകളിൽ വെള്ളം കയറി വന്‍ നഷ്ടം

Advertisement

ശാസ്താംകോട്ട:ഒന്നര മണിക്കൂറോളം തകർത്തു പെയ്ത മഴയിൽ ഭരണിക്കാവ് ടൗൺ വെള്ളക്കെട്ടായി.പത്തോളം
കടകളിൽ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാലോടെ തുടങ്ങിയ മഴയിലാണ് അടൂർ,കൊട്ടാരക്കര ഭാഗത്തേക്കുള്ള പാത വെള്ളക്കെട്ടായി മാറിയത്.ഓടകൾ അടഞ്ഞ് മഴ വെള്ളം ഒഴുകി പോകാൻ കഴിയാത്തതാണ് ദുരിതത്തിന് കാരണമായത്.വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയ പാതയാണെങ്കിലും ശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മാണം നടത്താത്തതാണ് വിനയായത്.കഴിഞ്ഞ ദിവസങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു എങ്കിലും നാശം വിതച്ചിരുന്നില്ല.

ജംഗ്‌ഷനിലെ മെഡിക്കൽ സ്റ്റോർ,ഹോട്ടൽ,ബേക്കറി,തുണിക്കടകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു.വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്.ആയിരക്കണക്കിന് രൂപയുടെ സാധനങ്ങൾ വെള്ളം കയറി നശിച്ചു.മണിക്കൂറുകളോളം പ്രയത്നിച്ചാണ് വ്യാപാര സ്ഥാപനങ്ങളിൽ കയറിയ ചെളി കലർന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ കഴിഞ്ഞത്.സഹികെട്ട
വ്യാപാരികൾ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു.ഇവിടെ പാർക്ക് ചെയ്തിരുന്ന നിരവധി ഇരു ചക്ര വാഹനങ്ങളും വെള്ളക്കെട്ടിൽ കുടുങ്ങി.ചില വാഹനങ്ങൾ ഒഴുകിപ്പോയി.ഭരണിക്കാവ് – സിനിമാപറമ്പ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കൊട്ടാരക്കര,അടൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളിൽ മിക്കവയും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിച്ചത് യാത്രക്കാരെ വലച്ചു.സ്കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഏറെ വലഞ്ഞത്.മഴയത്ത് കയറി നിൽക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മഴ നനഞ്ഞാണ് മണിക്കൂറുകളോളം യാത്രക്കാർ ഭരണിക്കാവിൽ ബസ് കാത്ത് നിന്നത്.

Advertisement