ശാസ്താംകോട്ട . ശാസ്താംകോട്ട സബ് ഡിവിഷൻ പരിധിയിൽ പരിധിയിൽ 3 പേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിക്ക് ഉത്തരവായി.2 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനും ഒരാളെ നാടു കടത്തുന്നതിനുമാണ് ഉത്തരവായത്.കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റങ്കര പുനുക്കന്നൂർ ചേരിയിൽ ആലുംമൂട് നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്നു വിളിക്കുന്ന നിയാസ് (30),കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിൽ കിഴക്കേ കല്ലട ജയന്തി കോളനിയിൽ പഴയാർ സച്ചിൻ നിവാസിൽ സൌരവ്(21),കിഴക്കേ കല്ലട കൊടുവിള മുറിയിൽ സന്തോഷ് ഭവനിൽ സുനിൽ വിൽഫ്രഡ് (43) എന്നിവർക്കെതിരെയാണ് നടപടി.നിയാസിനെയും സൌരവിനെയും കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനും സുനിൽ വിൽഫ്രഡിനെ 6 മാസക്കാലയളവിലേക്ക് കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തുന്നതിനുമാണ് ഉത്തരവ്.കൊള്ളി നിയാസ് എന്നു വിളിക്കുന്ന നിയാസ് ഇതുവരെയായി 6 കേസ്സുകളിലെ പ്രതിയാണ്.കഴിഞ്ഞ ജൂണിൽ 2.22 ഗ്രാം എംഡിഎം എയും 15 ഗ്രാം കഞ്ചാവുമായി കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയ കേസ്സിലും,സെപ്തംബർ 14 ന് കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ അൻവർ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും കഴിഞ്ഞ വർഷം മാർച്ചിൽ
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ പോളയത്തോട് വച്ച് സലീം എന്നയാളിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും,അതേ മാസം തന്നെ കല്ലുംതാഴം സനാ ഓഡിറ്റോറിയത്തിനു സമീപം വെച്ച് യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിലും,2018 ൽ കരിക്കോട് പഴയ ബസ് സ്റ്റാന്റിനു സമീപം വെച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും പ്രതിയാണ്.കിഴക്കേ കല്ലട സ്വദേശിയായ സൗരവ് 4 ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്.2019 ജനുവരിയിൽ കിഴക്കേ കല്ലടയിൽ യുവാവിന്റെ വീട് കയറി ആക്രമിച്ച കേസ്സിലും,2020 മാർച്ചിൽ സൗരവിന്റെ കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത കിഴക്കേ കല്ലട സ്വദേശിയെ ഇരുമ്പു വടി കൊണ്ടും ബിയർകുപ്പി കൊണ്ടും ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിലും അതേ വർഷം ആഗസ്റ്റിൽ
കിഴക്കേകല്ലട സ്വദേശിയുടെ വീട് ആക്രമിച്ച കേസ്സിലും, കഴിഞ്ഞ ആഗസ്റ്റിൽ പഴയാർ പുതിയിടം ക്ഷേത്രത്തിനു സമീപം വെച്ച് യുവാവിനെ ബിയർകുപ്പി കൊണ്ട് കുത്തിപ്പരിക്കേല്പിച്ച കേസ്സിലും പ്രതിയാണ്.കിഴക്കേ കല്ലട സ്വദേശിയായ സുനിൽ വിൽഫ്രഡ് 2019ൽ കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ ചാരായം വിറ്റ കേസ്സിലും, കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട്ടിൽ നിന്നും വന്ന തൊഴിലാളികളെ അക്രമിച്ച കേസ്സിലും,2017 ൽ പേഴുംതുരുത്ത് സ്വദേശിയെ ട്രെയിനിൽ യാത്ര ചെയ്തു വരവെ കഴക്കൂട്ടത്ത് വച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിലും പ്രതിയാണ്.ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫ്.എസ്, കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം.എൽ മുഖാന്തിരം കൊല്ലം ജില്ലാ കളക്ടർക്കും തിരുവനന്തപുരം റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനും റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി.