ശാസ്താംകോട്ട. ശാസ്താംകോട്ട മനക്കര പുന്നക്കാട്ട് 90 വയസ്സുള്ള കിടപ്പു രോഗിയായ മാതാവിനെ മകൾ നട തള്ളി. മനക്കര ശശി ഭവനത്തിൽ ആനന്ദവല്ലി ആണ് വാർദ്ധക്യ കാലത്ത് ആശ്രയമാകേണ്ട മക്കളുടെ ക്രൂരതയിൽ ദുരിതമനുഭവിക്കുന്നത്.മൂന്ന് പെൺ മക്കളും ഒരു മകനുമാണ് ആനന്ദവല്ലിക്കുള്ളത്. മകൻ എവിടെയാണെന്ന് ആർക്കുമറിയില്ല.ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം മക്കൾക്ക് വീതിച്ചു നൽകി.മൂത്ത മകൾ രാജമ്മയ്ക്ക് ഒപ്പമാണ് ആനന്ദവല്ലി കഴിഞ്ഞു വന്നിരുന്നത്.
ഇതിനിടയിൽ രാജമ്മയുടെ മകൻ ആത്മഹത്യ ചെയ്തു.ഇതോടെ ജീവിതത്തിൽ പകച്ചു പോയ രാജമ്മ നാല് മാസം മുമ്പ് മാതാവിനെ സഹോദരിയായ സതി രാജന്റെ പനപ്പെട്ടിയിലെ വീട്ടിൽ ഏല്പിച്ച ശേഷം പോരുവഴി ശാസ്താംനടയിലെ ഒരു വീട്ടിൽ ജോലിക്ക് കയറി. ഇതോടെ പുന്നക്കാട്ടെ വീട്ടിൽ ആരുമില്ലാതാകുകയും വീട് അടഞ്ഞു കിടക്കുകയുമാണ്. മറ്റൊരു മകൾ കുന്നത്തൂർ ഐവർകാലയിലാണ് താമസം.ഇതിനിടയിൽ ഇന്ന് (ശനി) രാവിലെ 10 ഓടെ ഇളയ മകൾ സതി പരസഹായം കൂടാതെ വെള്ളം പോലും കുടിക്കാൻ കഴിവില്ലാത്ത
മാതാവിനെ രാജമ്മയുടെ അടഞ്ഞു കിടക്കുന്ന വീടിന് മുൻപിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
പരിസരവാസികളെ പോലും വിവരമറിയിച്ചിരുന്നില്ല.പിന്നീട് നായ്ക്കളുടെ കുര കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് ആരുടെയും കരളലിയിക്കുന്ന കാഴ്ച കാണാനിടയായത്.നായ്ക്കൾക്ക് നടുവിൽ നിലത്ത് കിടക്കുകയായിരുന്നു നാല് മക്കൾക്ക് ജന്മം നൽകി വളർത്തി വലുതാക്കിയ ആ മാതാവ്.തുടർന്ന് പരിസരവാസികൾ
ശാസ്താംകോട്ട പോലീസിനെയും വാർഡ് മെമ്പർ ഹരികുമാർ കുന്നുംപുറത്തിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസും വാർഡ് മെമ്പറും സ്ഥലത്തെത്തി രാജമ്മയുമായും സതിയുമായും ബന്ധപ്പെട്ടു.തനിക്ക് 2 ദിവസം കഴിഞ്ഞേ എത്താൻ കഴിയുവെന്നും ഇതിനാൽ മാതാവ് കഴിഞ്ഞു വന്ന സതിയുടെ വീട്ടിലേക്ക് കൊണ്ടു പോകണമെന്നും രാജമ്മ അറിയിച്ചു. എന്നാൽ താൻ ആശുപത്രിയിൽ പോയിരിക്കുകയാണെന്നും നോക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് മാതാവിനെ പെരുവഴിയിൽ ഉപേക്ഷിച്ച സതിയുടെ വാദം. ഒടുവിൽ എസ് ഐ കെ എച്ച് ഷാനവാസും ജനമൈത്രി ബീറ്റ് ഓഫിസര്‍ ഷോബിന്‍ വിന്‍സെന്‍റും പൊതുപ്രവര്‍ത്തകന്‍ എസ് ദിലീപ്കുമാറും ചേർന്ന് സന്ധ്യയോടെ കണ്ണാത്ത് മുക്കിലെ അഭയ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ആവശ്യമെങ്കിൽ ഞായറാഴ്ച പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും വയോജന സംരക്ഷണ നിയമപ്രകാരം മക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ശാസ്താംകോട്ട സി.ഐ ശ്രീജിത്ത് അറിയിച്ചു.