കരുനാഗപ്പള്ളിയിലെ ഡിവൈഎഫ്ഐയിൽ പോര് മുറുകി

Advertisement

കരുനാഗപ്പള്ളി. ഡി.വൈ.എഫ്.ഐയിൽ പോര് മുറുകി;
സിപിഎം നിർദ്ദേശം തള്ളി ഡിവൈഎഫ്ഐയുടെ ബദൽ പാനൽ. ഡി.വൈ.എഫ്ഐയുടെ വില്ലേജ് സമ്മേളനങ്ങൾ തുടങ്ങിയതോടെ കരുനാഗപ്പള്ളിയിൽ വീണ്ടും ഡി.വൈ.എഫ്.ഐ ക്കുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നു. ഏറ്റവും ഒടുവിൽ നടന്ന കല്ലേലിഭാഗം വില്ലേജ് സമ്മേളനത്തിൽ ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ സി.പി.എം ലോക്കൽ കമ്മിറ്റി നിർദ്ദേശിച്ച പേരുകൾ ഡി.വൈ.എഫ്.ഐ നേതൃത്വം ഇടപെട്ട് വെട്ടി ബദൽ നിർദ്ദേശം മേഖല കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയതോടെ സി.പി.എമ്മും ഡി.വൈ.എഫ്.ഐ ഔദ്യോഗിക നേതൃത്വവും തമ്മിൽ കരുനാഗപ്പള്ളിയിൽ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

കഴിഞ്ഞതവണ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തിൽ വിവിധ വില്ലേജ് സമ്മേളനങ്ങളിൽ രൂക്ഷമായ വിഭാഗീയത ഉടലെടുക്കുകയും ഒടുവിൽ തൊടിയൂരിൽ ചേർന്ന ബ്ലോക്ക് സമ്മേളനത്തിൽ കസേരയേറും കയ്യാങ്കളിയും ഉണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ബ്ലോക്ക് സമ്മേളനത്തിലും സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നിർദ്ദേശിച്ച ഭാരവാഹികളുടെ നിർദ്ദേശം ഡി.വൈ.എഫ്.ഐ തള്ളിയിരുന്നു. സി.പി.എമ്മിന്റെ ജില്ലാ നേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെ ഡി.വൈ.എഫ്.ഐ നിർദ്ദേശം ഒടുവിൽ നടപ്പിലാക്കുകയായിരുന്നു. ഇതിനെതിരെ സി.പി.എം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ സി.പി.എം ഘടകങ്ങളുടെ തീരുമാനം നടപ്പിലാക്കണമെന്ന് ഫ്രാക്ഷൻ യോഗം ചേർന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ വീണ്ടും വില്ലേജ് സമ്മേളനങ്ങൾ തുടങ്ങിയതോടെ ചേരിതിരിഞ്ഞ് ഭാരവാഹികളെ നിശ്ചയിക്കുന്ന നടപടിക്കും തുടക്കമായിരിക്കുകയാണ്.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ. ശ്രീനാഥിന്റെ വില്ലേജ് കൂടിയായ കല്ലേലിഭാഗത്ത് ഞായറാഴ്ച നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ശ്യാം മോഹനനാണ് ഉദ്ഘാടനം ചെയ്തത്. ഉച്ചയോടെ ഭാരവാഹികളെ നിശ്ചയിക്കാൻ സി.പി.എം ലോക്കൽ കമ്മിറ്റി യോഗം ചേർന്നു. ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് തന്നെ പ്രസിഡൻ്റായി അനുശ്രീയുടെയും സെക്രട്ടറിയായി ഷെഫീക്കിന്റെയും പേര് നിർദ്ദേശിക്കുകയായിരുന്നു. ലോക്കൽ കമ്മിറ്റി ഈ നിർദ്ദേശം അംഗീകരിച്ചതോടെ, തുടർന്ന് ഡി.വൈ.എഫ്.ഐ പാർട്ടി അംഗങ്ങളുടെ യോഗം ചേർന്ന് പാർട്ടി നിർദേശം അവതരിപ്പിച്ചു. എന്നാൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡണ്ടും ഉൾപ്പെടെയുള്ള നേതൃത്വത്തിൻ്റെ സാന്നിധ്യത്തിൽ തുടർന്ന് ചേർന്ന വില്ലേജ് കമ്മിറ്റി യോഗത്തിൽ പാർട്ടി നിർദേശം തള്ളുകയായിരുന്നു. ഡി.വൈ.എഫ്.ഐ നേതാക്കളുടെ പിന്തുണയോടെ രഞ്ജിത്ത് ശശാങ്കൻ പ്രസിഡന്റും ഷാഹിർ സെക്രട്ടറിയുമായ ബദൽ പാനൽ നിർദ്ദേശം വില്ലേജ് കമ്മിറ്റി അംഗീകരിച്ച് പാസാക്കുകയായിരുന്നു. എന്നാൽ സി.പി.എം ഏരിയ സെക്രട്ടറിയുടെ തന്നെ നിർദ്ദേശത്തെ ഡി.വൈ.എഫ്.ഐ തള്ളിയത് പാർട്ടി നേതൃത്വത്തെ ചുടിപ്പിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കില്ലെന്ന് നിലപാടിലാണ് പാർട്ടി നേതൃത്വം. ഇത് വരും ദിവസങ്ങളിൽ നടക്കുന്ന മറ്റു സമ്മേളനങ്ങളിലും രൂക്ഷമായ ചേരിതിരിവിന് കാരണമാകും. ഏതാനും ദിവസം മുമ്പ് നടന്ന കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ നിലവിൽ ഉണ്ടായിരുന്ന വില്ലേജ് പ്രസിഡൻ്റ്, സിപിഎം വനിതാ നേതാവിന്റെ മകൻ കൂടിയായ വിശാലിനെ തൽസ്ഥാനത്ത് നിന്നും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നീക്കം ചെയ്തിരുന്നു. സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് പ്രവാസിയായി പോയി തിരികെ വന്ന നേതാവിനെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചുകൊണ്ട് പുതിയ ഭാരവാഹികളെ നിശ്ചയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ രണ്ട് വ്യത്യസ്ത ചേരികൾ രൂപപ്പെട്ടതായും ഇത് കരുനാഗപ്പള്ളി വെസ്റ്റിലെ ഡി.വൈ.എഫ്.ഐയും പാർട്ടിയും തമ്മിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയിലേക്ക് കാര്യങ്ങൾ നയിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

സി.പി.എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഒരു പക്ഷത്ത് നിലവിലെ ഏരിയ നേതൃത്വവും മറുവശത്ത് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന പക്ഷവും അണിനിരന്നതോടെ വരും ദിവസങ്ങളിൽ നടക്കുന്ന വില്ലേജ് സമ്മേളനങ്ങളും സംഘർഷഭരിതം ആകാനാണ് സാധ്യത. സിപിഎം തീരുമാനത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ഡി.വൈ.എഫ്.ഐ നിലപാട് എന്നറിയുന്നു. ഇതിന് സി.പി.എം ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന കമ്മിറ്റിയിലെ ചിലരുടെയും പൂർണ്ണ പിന്തുണയുണ്ട്. എന്നാൽ ഡിവൈഎഫ്ഐ ചുമതലയുള്ള എസ്. ജയമോഹൻ ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ ഡി.വൈ.എഫ്.ഐ നേതാക്കളുമായി ചർച്ച നടത്തിയേക്കും. ഇതിനിടെ സി.പി.എം ജില്ലാ നേതൃത്വം പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യമാണ് പാർട്ടി ഔദ്യോഗിക നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.

Advertisement

1 COMMENT

  1. കരുനാഗപ്പള്ളി വെസ്റ്റ് ഡിവൈഎഫ്ഐ മേഖലാ സമ്മേളനത്തിൽ വിഭാഗീയത ആയിരുന്നു എന്ന് നിങ്ങൾ കൊടുക്കുന്ന വാർത്ത തികച്ചും യോജിക്കാൻ കഴിയുന്ന ഒന്നല്ല

Comments are closed.