കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച ഉപേക്ഷിച്ച കേസില്‍ ഒന്‍പത് പേര്‍ കൊട്ടാരക്കര പോലീസിന്റെ പിടിയിലായി.
വെളിയം സ്വദേശി അഖിലിനെയാണ് (23) ശനിയാഴ്ച രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒമ്നി വാനില്‍ എത്തിയവര്‍ തട്ടി കൊണ്ടുപോയി കൊലപാതക ശ്രമം നടത്തിയത്.
സംഭവത്തില്‍ അമ്പലപ്പുറം പൊയ്കയില്‍ വീട്ടില്‍ അഭിലാഷ് (30), മുട്ടറ മുക്കാല മുക്കില്‍ ബാബു ഭവനത്തില്‍ വിഷ്ണു (19), ഓടനാവട്ടം മുട്ടറ ത്രി കാര്‍ത്തികയില്‍ വിഷ്ണു (22), മുട്ടറ ചരുവിള പുത്തന്‍ വീട്ടില്‍ അനന്ദു (24), പ്ലാപ്പള്ളി കിഴക്കെവിള ബംഗ്ലാവില്‍ അരുണ്‍ (24), ഓടനാവട്ടം മണികണ്ഡേശ്വരം ചൂതു പറമ്പില്‍ രാഹുല്‍ (22), അമ്പലപ്പുറം ലക്ഷം വീട്ടില്‍ നാദിര്‍ഷാ (26), അമ്പലപുറം ലക്ഷം വീട്ടില്‍ സജീര്‍ (20), അമ്പലപ്പുറം ഷഹാന മന്‍സില്‍ മുഹമ്മദ് ഷഹാന്‍ എന്നിവരെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും അഖിലിനെ അമ്പലപ്പുറം സ്വദേശികളായ അഭിലാഷ്, സജീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഒമിനി വാഹനത്തില്‍ തട്ടി കൊണ്ടുപോകുകയും തുടര്‍ന്ന് വാഹനത്തിലും മുട്ടറ മരുതി മലയിലും കൊണ്ടുപോയി ഒന്‍പതു പേരടങ്ങുന്ന സംഘം കത്തിയും നെഞ്ചക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പോലീസ് ഒമിനി വാന്‍ തിരിച്ചറിഞ്ഞ് എത്തിയതോടെ മര്‍ദ്ദനത്തില്‍ അവശനായ അഖിലിനെ ഓടനാവട്ടം ചുങ്കത്തറയില്‍ ഉപേക്ഷിച്ചു പ്രതികള്‍ കടന്നു കളയുകയായിരുന്നു.
സംഘത്തിലെ മുഴുവന്‍ ആളുകളെയും കൊട്ടാരക്കര പോലീസ് അറസ്റ്റ്‌ചെയ്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മുട്ടറ മരുതി മലയുടെ പടിഞ്ഞാറേ വശത്ത് വച്ച് ഓടനാവട്ടം സ്വദേശിയും മുന്‍ കേസുകളിലെ പ്രതിയുമായ സജീറിന്റെ ബൈക്ക് വെളിയം സ്വദേശികളായ അഖിലും സുഹൃത്തുക്കളും ചേര്‍ന്ന് നശിപ്പിക്കുകയും സജീറിനെയും സുഹ്യത്ത് ആദര്‍ശിനെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതിന്റെ തുടര്‍ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തുടര്‍ന്നു ബൈക്ക് ഓടിച്ചു പോയ അഖിലും സുഹൃത്ത് വിഷ്ണുവും വെളിയത്തിനു സമീപത്തായി അപകടത്തില്‍ പെടുകയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുകയും ചെയ്തു. വിഷ്ണുവിനെ താലൂക്ക് ആശുപത്രിയില്‍ ചികിത്സിക്കുമ്പോള്‍ പുറത്തു നിന്നിരുന്ന അഖിലിനെ ഒമിനി വാനിലെത്തിയ ആറംഗം സംഘം കടത്തികൊണ്ട് പോയി മാരകമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് പ്രതികളും അഖിലും മരുതി മലയിലുണ്ടെന്ന് മനസിലാക്കി പൂയപ്പള്ളി സിഐ ബിജുവും സംഘവും മരുതി മലയുടെ അടിവാരത്ത് എത്തുകയും അത് കണ്ട് പ്രതികള്‍ മലയുടെ മുകള്‍ ഭാഗത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഈ സമയം കൊട്ടാരക്കരയില്‍ നിന്നും കൂടുതല്‍ പോലീസ് കൂടി സ്ഥലത്ത് എത്തുകയും മലയുടെ മുകളിലേക്ക് വരുന്നതും കണ്ട് പ്രതികള്‍ മറുഭാഗത്തുള്ള വഴിയിലൂടെ അഖിലിനെ കടത്തിക്കൊണ്ട് പോകുകയും തുടര്‍ന്ന് ഓടനാവട്ടത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഇരു വിഭാഗങ്ങളും ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.