ശാസ്താംകോട്ട.ശാസ്താംകോട്ടയ്ക്ക്തലവേദനയായി മാറിയ ചന്ത കുരങ്ങുകളെ നാടു കടത്താൻ തീരുമാനം.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ഹാളിൽ വനംവകുപ്പും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.ഇതിന്റെ ഭാഗമായി ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കുരങ്ങുകളെ ആകർഷിക്കുന്ന തരത്തിൽ പ്രത്യേക കൂടുകൾ സ്ഥാപിക്കും.ഇങ്ങനെ കൂട്ടിൽ അകപ്പെടുന്ന കുരങ്ങുകളെ വനങ്ങളിൽ എത്തിച്ച് തുറന്ന് വിടും.ഇത്തരത്തിൽ മുഴുവൻ കുരങ്ങുകളെയും കാട്ടിലെത്തിച്ച് നാട്ടിലെ ശല്യത്തിന് പരിഹാരം കാണും.പദ്ധതിയുടെ ഭാഗമായി ജാഗ്രതാ സമിതികളും രൂപീകരിക്കും.ശാസ്താംകോട്ടയിൽ രണ്ട് തരത്തിലുള്ള വാനരന്മാരാണ് ഉള്ളത്.അമ്പല കുരങ്ങുകളും ചന്ത കുരങ്ങുകളും.ഇതിൽ അമ്പല കുരങ്ങുകൾക്ക് ക്ഷേത്രത്തിൽ നിന്നും മറ്റും ആഹാരം ഉൾപ്പെടെ കിട്ടുന്നതിനാൽ ശല്യക്കാരല്ല.എന്നാൽ ചന്ത കുരങ്ങുകൾ ഇവരിൽ നിന്നും ഏറെ വ്യത്യസ്ഥരാണ്.ആഹാരം തേടി അലഞ്ഞു തിരിയുന്ന ഇക്കൂട്ടർ പ്രദേശത്ത് വലിയ നാശനഷ്ടമാണ് വരുത്തുന്നത്.തെങ്ങ് ഉൾപ്പെടെ
കാർഷിക വിളകൾ നശിപ്പിക്കുന്നതും ജനങ്ങളെ ആക്രമിക്കുന്നതും പതിവാണ്.വീടുകൾക്കുള്ളിൽ കടന്ന് ആക്രമണം നടത്തുന്നതും ഓടിട്ട കെട്ടിടങ്ങളുടെ ഓടുകൾ നശിപ്പിക്കുന്നതുമടക്കം വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരുന്നത്.വർഷങ്ങൾക്കു മുമ്പ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിൽ നിന്നും ‘വാതാവരൺ’ സംഘമെത്തി പ്രശ്നക്കാരായ ചന്ത കുരങ്ങുകളെ പിടികൂടി ജില്ലയുടെ കിഴക്കൻ മേഖലയിലെ വനപ്രദേശങ്ങളിൽ തുറന്ന് വീട്ടിരുന്നു.എന്നാൽ പദ്ധതി പൂർണതോതിൽ ലക്ഷ്യം കണ്ടില്ല.ആഴ്ചകൾക്കുളളിൽ തന്നെ കുരങ്ങുകളിൽ പകുതിയും തെന്മല,ആര്യങ്കാവ് മേഖലകളിൽ നിന്നും ജനവാസമേഖലയിലെത്തി. ഇതുപരാതിയായി. ഇവ ശാസ്താംകോട്ടയിൽ മടങ്ങി എത്തിയെന്ന് ചിലര്‍ വിശ്വസിക്കുന്നു. കൂടുതല്‍ കുരുങ്ങുകള്‍ പെറ്റുപെരുകിയാണ് നിലവിൽ പ്രശ്നക്കാരായി മാറിയിരിക്കുന്നത്.പരാതികൾ പതിവായതോടെയാണ് പഞ്ചായത്ത് വനം വകുപ്പുമായി ചേർന്ന് പരിഹാരം കാണാൻ രംഗത്തെത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അധ്യക്ഷത വഹിച്ചു.
പൊതുപ്രവർത്തകൻ എസ്. ദിലീപ് കുമാർ വനം വകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിലാണ നടപടി.