യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. പള്ളിത്തോട്ടം, ക്യു.എസ്.എസ് കോളനിയില്‍, വര്‍ഗ്ഗീസ്(40) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം സ്വദേശി ആംജിത്തിനെയാണ് ഇയാള്‍ ഉള്‍പ്പെട്ട അക്രമി സംഘം കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
കൊല്ലം കുമാര്‍ ആട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് വര്‍ഗ്ഗീസ്. ഇയാളും മറ്റൊരു ഡ്രൈവറായ മാധവനും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 13-ാം തീയതി 9 മണിയോടെ വര്‍ഗ്ഗീസ് ഉള്‍പ്പെട്ട അക്രമി സംഘം പട്ടത്താനം കലാവേദി ക്ലബ്ബിന് മുന്‍വശത്ത് വച്ച് മാധവനേയും ബന്ധുവായ ആംജിത്തിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ ആംജിത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കായുള്ള തെരച്ചില്‍ നടത്തി വരവെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.