കൊട്ടിയം: കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഗ്രന്ഥശാല ആരംഭിച്ച് പോലീസ് മാതൃകയാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനില്‍ ഗ്രന്ഥശാല ആരംഭിക്കുന്നത്. പോലീസും പൊതുജനങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും, വായനയിലൂടെ ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് കണ്ണനല്ലൂര്‍ പോലീസ് ഗ്രന്ഥശാല ആരംഭിച്ചിട്ടുള്ളത്.
സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങളാണ് തുടക്കത്തില്‍ ഇവിടെയുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ റഫറന്‍സിനാവശ്യമായ പുസ്തകങ്ങളും ഇവിടെ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ.ബി.മുരളീകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂര്‍ അസി.പൊലീസ് കമ്മീഷണര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. നകുലന്‍ പുസ്തവിതരണ ഉദ്ഘാടനവും ഹാഷിം പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും നടത്തി.
കണ്ണനല്ലൂര്‍ എസ്എച്ച്ഒ ജയകുമാര്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം, കവി അപ്പു മുട്ടറ, ഷിബു റാവുത്തര്‍, കെപിഒഎ നിര്‍വാഹക സമിതി അംഗം സുനി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.