പരപ്പാര്‍ ജലസംഭരണി ജലസമൃദ്ധം

Advertisement

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ജലസംഭരണികള്‍ ജലസമൃദ്ധമായി. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പരപ്പാര്‍ ഡാം പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇവിടെയാണ് ഇക്കോ ടൂറിസം വകുപ്പിന്റെ ബോട്ട് സവാരി നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വനമേഖലകളില്‍ ശക്തമായി മഴ ലഭിച്ചതോടെണ് പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. തെന്മല-പരപ്പാര്‍ ഡാമിന് പുറമെ കിഴക്കന്‍ മേഖലയിലെങ്ങും ജലസ്രോതസുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നത് കര്‍ഷകര്‍ക്കും അനുഗ്രഹമായി മാറി. എന്നാല്‍ തെന്മല, ആര്യങ്കാവ് പ്രദേശങ്ങളില്‍ സമൃദ്ധമായി മാന്തോട്ടങ്ങളുള്ള കര്‍ഷകര്‍ ദുരിതത്തിലായിട്ടുണ്ട്. മാവ് പൂവിട്ട് നില്‍ക്കുന്ന അവസരത്തില്‍ മഴ കാരണം മാമ്പൂവ് കൊഴിയാന്‍ ഇടയായതായി ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉയര്‍ത്തിയ ഷട്ടറുകള്‍ വഴി ഇപ്പോഴും ജലം ഒഴുക്കിവിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഇപ്പോഴും വൈദ്യുത ഉത്പാദനം പൂര്‍ണ്ണ തോതില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയിലെ ജലം പാഴാക്കി കളയുന്ന അവസ്ഥയാണ് ഇന്നുള്ളത്.

Advertisement