ടിക്കറ്റ് എടുക്കാതെ കൊല്ലം-പുനലൂര്‍ ട്രെയിനുകളില്‍ യാത്ര വ്യാപകമായതോടെ റെയില്‍വേ അധികൃതര്‍ പരിശോധന ശക്തമാക്കി. തിരക്കുണ്ടായിട്ടും വരുമാനത്തില്‍ വന്‍ ഇടിവ് വന്നതോടെയാണ് ടിക്കറ്റ് ഇല്ലാതെ യാത്ര വ്യാപകമാണെന്നത് റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ 29ന് കൊല്ലം-പുനലൂര്‍ പാതയില്‍ ട്രെയിനുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത 125 പേരാണ് പിടിയിലായത്. ഇവരില്‍നിന്ന് 43000 രൂപ പിഴയായി ഈടാക്കി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതില്‍ പകുതിയിലേറെയും സര്‍ക്കാര്‍ ജീവനക്കാരാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരില്‍ കൂടുതല്‍ വനിതാ ജീവനക്കാരാണ്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നും പരിശോധന സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.കൊല്ലം-പുനലൂര്‍ പാതയില്‍ എട്ട് ട്രെയിനുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. കഴിഞ്ഞ കുറേ കാലമായി ഈ പാതയില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ ടിക്കറ്റ് പരിശോധന നാമമാത്രമാണ്. ഇതാണ് കൂടുതല്‍ പേരും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. റെയില്‍വേയുടെ വരുമാനം കുറഞ്ഞതോടെയാണ് മധുര ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രത്യേകസംഘം രൂപീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തത്.മധുര ഡിവിഷന്‍ അസിസ്റ്റന്റ് കമേഴ്‌സ്യല്‍ മാനേജര്‍ ബാലകൃഷ്ണന്‍, പുനലൂര്‍ സെക്ഷന്‍ ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ ബിജു പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് പരിശോധന നടത്തിയത്. പുനലൂരില്‍നിന്ന് കൊല്ലം വരെ വിവിധ ട്രെയിനുകളിലായിരുന്നു പരിശോധന. ഈ ട്രെയിനുകളില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളുകളില്‍ 10 ശതമാനം പേര്‍ വിദ്യാര്‍ഥികളാണ്. അതേസമയം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയിലേറെയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഓരോ യാത്രക്കാരില്‍നിന്നും 310 രൂപ പിഴയായി ഈടാക്കി. ഇപ്പോള്‍ എല്ലാ ട്രെയിനുകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.