ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ പുതിയ ധ്വജസ്തംഭം ആധാരശിലയിൽ സ്ഥാപിച്ചു

Advertisement

ശാസ്താംകോട്ട .ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശാസ്താംകോട്ട
ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുതിയ ധ്വജസ്തംഭം ആധാരശിലയിൽ സ്ഥാപിച്ചു.നൂറുകണക്കിന് ഭക്തജനങ്ങളുടെ ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി കീഴ്താമരശ്ശേരി മഠം രമേശ് ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

2013ൽ സ്ഥാപിച്ച സ്വർണ്ണ കൊടിമരത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നിറ വ്യത്യാസം വന്നതിനാൽ കൊടിമരത്തിലെ സ്വർണ്ണപ്പറകൾ നീക്കം ചെയ്തിരുന്നു.പുതിയ കൊടിമരം ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിന് ദേവസ്വം ബോർഡിന്റെ അനുമതി വാങ്ങി കോന്നിയിൽ നിന്നും തേക്ക് തടി ക്ഷേത്രത്തിൽ എത്തിച്ച് ചന്ദനവും,മഞ്ഞളും, മറ്റ് സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് ഒരു വർഷക്കാലമായി തൈലാധിവാസത്തിൽ എണ്ണ തോണിയിൽ നിക്ഷേപിച്ചിരിക്കുകയായിരുന്നു.


കഴിഞ്ഞ ഒരു വർഷമായി എണ്ണത്തോണിയിൽ സമർപ്പിച്ചിരുന്ന കൊടി മരം എണ്ണത്തോണിയിൽ നിന്നും രണ്ടുമാസം മുൻപ് തോരുന്നതിന് പുറത്ത് എടുത്തിരുന്നു.ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ,ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ, തിരുവാഭരണം കമ്മീഷണർ ഓഫീസ് സൂപ്രണ്ട് ബിന്ദു,എക്സിക്യൂട്ടീവ് എൻജിനീയർ വിജയ മോഹനൻ, അസിസ്റ്റന്റ് എൻജിനീയർ ഗീത ഗോപാലകൃഷ്ണൻ,ദേവസ്വം പെൻഷനേഴ്സ് വെൽഫെയർ സംഘം പ്രസിഡന്റ് ഷാജി ശർമ എന്നിവർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ അനു.എസ്.പിള്ളയുടെയും സബ് ഗ്രൂപ്പ് ഓഫീസർ എസ്.അഭിലാഷിന്റെയും മേൽനോട്ടത്തിലാണ് കൊടിമരം ആധാരശിലയിൽ സ്ഥാപിക്കുന്ന ചടങ്ങുകൾ പൂർത്തിയാക്കിയത്.കഴിഞ്ഞ അഞ്ചുവർഷകാലമായി താൽക്കാലിക അടക്കാമരത്തിൽ ആണ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ് നടത്തിവന്നിരുന്നത്.

Advertisement