തേവലക്കര: കഴിഞ്ഞ ദിവസം അവസാനിച്ച ചവറ ഉപജില്ലാ കലോത്സവത്തിൽ 152 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തേവലക്കര ഗേൾസ് ഹൈസ്കൂളിന്റേത് സമാനതകളില്ലാത്ത വിജയം. സംസ്കൃത കലോത്സവത്തിൽ 75 പോയിന്റ് നേടി ഓവറോൾ കിരീടവും ഗേൾസ് വിഭാഗം ഓവറോൾ കിരീടവും തേവലക്കരയിലെ പെൺകുട്ടികൾ സ്വന്തമാക്കി.
സംസ്കൃത കലോത്സവത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡോടെയാണ് സ്കൂൾ മിന്നും വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഇനങ്ങളിൽ എല്ലാം തേവലക്കര ഗേൾസ് ഹൈസ്കൂൾ സമാഗ്രാധിപത്യം തുടർന്നു. ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, വഞ്ചിപ്പാട്ട്, നാടകം, സംസ്കൃത നാടകം, സംസ്കൃത സംഘഗാനം, എന്നിവയിൽ തേവലക്കര ഗേൾസ് ഹൈസ്കൂൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി.
ഹൈസ്കൂൾ വിഭാഗം തിരുവാതിര, അറബിക് നാടകം, അറബിക് സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും യുപി വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും തേവലക്കര സ്വന്തമാക്കി. മിക്സഡ് സ്കൂൾകൾക്കിടയിലാണ് പെൺകുട്ടികൾ നിറഞ്ഞാടി സ്കൂളിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.