കൊട്ടാരക്കരയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു വയസ്സുകാരന്‍ മരിച്ചു

Advertisement

കൊട്ടാരക്കര: എം.സി.റോഡില്‍ ലോവര്‍ കരിക്കത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു വയസ്സുകാരന്‍ മരിച്ചു. ഒരു കുടുംബത്തിലെ ആറുപേരുള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട ഓമല്ലൂര്‍ പറയനാല്‍ ശരത് ഭവനില്‍ ശരത്തിന്റെ മകന്‍ വേദാന്ത് (3) ആണ് മരിച്ചത്. കാറോടിച്ചിരുന്ന ശരത്ത്(37), ഭാര്യ പാര്‍വതി(26), സഹോദരി ശരണ്യ (33), മക്കളായ ശ്രീയന്‍(5), ശ്രീ ബാല(6), അമ്മ സുധാമണിയമ്മ (58) എന്നിവര്‍ക്കും ബൈക്ക് യാത്രികനുമാണ് പരിക്ക്. ഇവരെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രണ്ടരയോടെ ആയിരുന്നു അപകടം. ചികിത്സയിലുള്ള അടുത്ത ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശരത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. വലിയ മഴയായതിനാല്‍ വാഹനങ്ങള്‍ തെന്നിമാറിയതാണ് അപകട കാരണമെന്നും പറയുന്നു. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രികന്റെ കാലിന് ഗുരുതര പരിക്ക് പറ്റി. കാറിലുണ്ടായിരുന്നവരെ ആദ്യം കൊട്ടാരക്കര താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വൈകിട്ടോടെയാണ് വേദാന്ത് മരിച്ചത്.