സ്റ്റീഫന്‍
ആയിക്കുന്നം. ശൂരനാട് തെക്ക് പഞ്ചായത്തിലെ ‘ ആയിക്കുന്നം ‘എന്ന വാര്‍ഡിനെ വാർത്തകളിലൂടെ വലുതാക്കിയ ഒരാളുണ്ട്.
താൻ ജനിച്ച ഗ്രാമത്തിൻ്റെ പേര് ചേർത്ത് വാർത്തയെഴുതി ഫെയ്മസായ ആയിക്കുന്നം രാധാകൃഷ്ണൻ.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ നിന്ന് ബിരുദ പഠനത്തിന് ശേഷം 1984 ൽ മാതൃഭൂമിയുടെ ഏജൻസി എടുത്തു കൊണ്ടാണ് വാർത്ത കളുടെ വിസ്തൃത ലോകത്തേക്ക് രാധാകൃഷ്ണൻ ചുവട് വെയ്ക്കുന്നത്.
അക്കാലത്ത് പ്രധാന ദിനപത്രങ്ങൾക്ക് പോലും കുന്നത്തുർ താലൂക്കിൽ ഓഫീസോ ലേഖകരോ ഇല്ലാതിരുന്ന കാലം. നാട്ടുകാരുടെ ആവശ്യങ്ങൾ, നാടിൻ്റെ ഇല്ലായ്മകൾ ,ഉത്സവങ്ങൾ, പെരുന്നാളുകൾ ഇവയെല്ലാം ‘ആയിക്കുന്നം’ ഡേറ്റ് ലൈനിൽ മാതൃഭൂമിയിൽ വാർത്തകളായി. നാട്ടിലെ പ്രാദേശിക വാർത്തകൾ’ എല്ലാം തന്നെ ക്രമം തെറ്റാതെ മാതൃഭൂമിയിൽ സ്ഥാനം പിടിച്ചു. കുന്നത്തൂര്‍ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ട,രക്തസാക്ഷികളിലൂടെയും കാര്‍ഷിക വിപ്ളവത്തിലൂടെയും പേരു നേടിയ ശൂരനാട് ഇങ്ങനെ താലൂക്കിൽ എവിടെ ഒരു സംഭവം ഉണ്ടായാലും അതെല്ലാം ‘ആയിക്കുന്നം’ എന്ന ഡേറ്റ് ലൈനിലേ വാർത്തയാകുമായിരുന്നുള്ളു.ഇത് പലര്‍ക്കും പരിഭവമായി പക്ഷേ രാധാകൃഷ്ണനും മാതൃഭൂമിയും കുലുങ്ങിയില്ല. അകലെയുള്ള പലരും കരുതിയത് ഇത് കൊല്ലത്തെ ഒരു താലൂക്കോ പഞ്ചായത്തെങ്കിലുമോ ആണെന്നാണ്.
1987 വരെ ഏജൻസി പ്രവർത്തനം നടത്തി.1987 ൽ തന്നെ അദ്ദേഹത്തെ മാതൃഭൂമിയുടെ ശൂരനാട് ലേഖേകനായി നിയമിച്ചു. അപ്പോഴും വാർത്തകൾ വന്നുകൊണ്ടിരുന്നത് ‘ആയിക്കുന്നം’ വെച്ചു തന്നെ. സ്വന്തമായി ഓഫീസില്ല. ഭരണിക്കാവിലെ ലാലു ചേട്ടൻ്റെ ടെലിഫോൺ ബൂത്തിലിരുന്നാണ് വാർത്തകൾ എഴുതുന്നത്.നാട്ടുകാർ വാർത്തകൾ ഈ ബൂത്തിൽ ഏല്പിക്കുമായിരുന്നു. ഇന്നത്തെ പോലെ ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് കൊല്ലത്തേക്ക് പോകുന്നവരുടെ കൈയ്യിൽ വാർത്തയടങ്ങിയ URGENT PRESS MATTER എന്ന കവർ കൊടുത്ത് വിടും.അവരത് കളക്ട്രേറ്റിനടുത്തുള്ള മാതൃഭൂമിയുടെ കൊല്ലം ബ്യൂറോയിൽ ഏല്പിക്കും.1993 വരെ ഈ പതിവ് തുടർന്നതോടെ രാധാകൃഷ്ണനും, ആയിക്കുന്നവും ഫെമസായി. വലിയൊരുകാലം നാടിന്‍റെ വികസനത്തിന്‍റെ പരാതികളുടെ പരിദേവനങ്ങളുടെ അവിഭാജ്യഘടകമായിരുന്നു ആയിക്കുന്നം എന്ന രാധാകൃഷ്ണന്‍.
93, 94 കാലഘട്ടത്തിൽ അല്പകാലത്തേക്ക് മാതൃഭൂമിയിൽ നിന്നു മാറിനിൽക്കേണ്ടിവന്നു.
1995-ൽ സർക്കുലേഷൻ വിഭാഗത്തിൽ സർക്കുലേഷൻ ഹെൽപ്പർ ആയി താത്കാലിക നിയമനം. 2003 വരെ ആ തസ്തികയിൽ തുടർന്നു. തുടർന്ന് മലയാള മനോരമയിൽ ചേർന്ന് സര്‍ക്കുലേഷനില്‍ പ്രവര്‍ത്തനം തുടർന്നു.
2004-ൽ വീണ്ടും മാതൃഭൂമിയിലേക്ക്. ജൂനിയർ സെയിൽസ് ഓർഗനൈസർ ആയി സർക്കുലേഷനിൽ നിയമിതനായി. 2005-ൽ സെയിത്സ് ഓർഗനൈസർ ആയി മാതൃഭൂമിയിൽ സ്ഥിരനിയമനം. 2021-ൽ മാതൃഭൂമിയിൽ നിന്നു വിരമിച്ചു. സൈക്കിൾ സവാരി ഇഷ്ടപ്പെടുന്ന ‘ആയിക്കുന്നം’ ഇപ്പോൾ കൃഷിയും, ഗൃഹകാര്യവും നോക്കി സ്വസ്തമായിരിക്കുന്നു.