ശൂരനാട് . കാട്ടുപന്നി ശല്യം രൂക്ഷമായ ശൂരനാട് വടക്ക് പഞ്ചായത്തിൽ കാട് പിടിച്ചു കിടക്കുന്ന പുരയിടങ്ങളും കൃഷിസ്ഥലങ്ങളും വെട്ടിത്തെളിക്കണമെന്ന് പഞ്ചായത്ത് നിർദേശം നൽകി.15 ദിവസത്തിനുള്ളിൽ ഇതിനുളള നടപടി കൈക്കൊള്ളണം.ദിവസവും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ പന്നിക്കൂട്ടം നശിപ്പിക്കുന്നു.മനുഷ്യർക്കും വലിയ ഭീഷണിയാണ് ഇവ ഉയർത്തുന്നത്.കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങളിലാണ് പന്നികൾ പകൽ നേരങ്ങളിൽ തമ്പടിക്കുന്നത്.കാട് വെട്ടിത്തെളിക്കുന്നതോടെ പന്നികൾക്ക് കഴിയുന്നതിന് അവസരമുണ്ടാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ പറഞ്ഞു.
മാസങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പന്നിശല്യം അതിരൂക്ഷമാണ്.ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ മരച്ചീനിയും മറ്റ് വിളകളും നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്.സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങൾ വൃത്തിയാക്കാതെ കാട് കയറി കിടക്കുന്നതിനാൽ പന്നി ശല്യത്തിനൊപ്പം ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷമാണ്.