ശാസ്താംകോട്ട:നിരത്തുകളെ ചോരക്കളമാക്കി തടി കയറ്റിയ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ.തിരക്കേറിയ പാതകളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നിയമപരമായി പാലിക്കേണ്ട മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും പാലിക്കാറില്ലെന്ന പരാതി വ്യാപകമാണ്.മിക്ക ഭാരവാഹനങ്ങളിലും റിഫ്ളക്ടർ പോലും സ്ഥാപിക്കാറില്ല.ഇതിനു പകരം അപകട സൂചന നൽകാൻ ചുവന്ന നിറത്തിലുള്ള കൊടികൾ കെട്ടിയാണ് ടൺ കണക്കിന് ലോഡുമായി വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതും പാതയോരങ്ങളിൽ പാർക്ക് ചെയ്യുന്നതും.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ നിന്നും മരങ്ങൾ നാമമാത്ര വിലയ്ക്ക് വാങ്ങി പെരുമ്പാവൂർ,തമിഴ്നാട് എന്നിവിടങ്ങളിൽ എത്തിച്ച് വൻ വിലയ്ക്ക് വിൽക്കാനാണ് നിയമം കാറ്റിൽ പറത്തുന്നത്.
ദേശീയ പാതകളിലും മറ്റ് പ്രധാന പാതകളിലുമെല്ലാം ഗതാഗത തടസവും ഇവ സൃഷ്ടിക്കാറുണ്ട്.കഴിഞ്ഞ ദിവസം ചക്കുവള്ളി – പുതിയകാവ് റോഡിൽ ശൂരനാട് സെന്റ് തോമസ് സ്ക്കൂളിന് സമീപം ഉണ്ടായ അപകടത്തിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞതും ഇത്തരത്തിലുള്ള അനാസ്ഥ കാരണമാണ്.അടുത്തിടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കളത്തൂർ തെക്കതിൽ സാംജി ബേബി (41) ആണ് മരിച്ചത്.രാത്രി 9.30 ഓടെ ചക്കുവള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകവേ സാംജി ഓടിച്ചിരുന്ന ബൈക്ക് റോഡിനോട് ചേർന്ന് അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന തടി ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.തെരുവ് വിളക്കുകൾ കത്താത്തതും മഴയും അപകടത്തിന് കാരണമാകാറുണ്ട്.
ചക്കുവള്ളി പോലീസ് സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം തടി ലോറിയിൽ ബൈക്ക് ഇടിച്ച് സമീപവാസിയായ യുവാവിന് പരിക്കേറ്റിരുന്നു.പകൽ സമയത്ത് പ്രധാന പാതകൾക്ക് സമീപം മുറിച്ച മരങ്ങൾ എത്തിച്ച ശേഷം രാത്രിയിൽ ഇവ വലിയ വാഹനങ്ങളിലേക്ക് മാറ്റുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.പലപ്പോഴും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങൾ വഴിമാറുന്നത്.കുന്നത്തൂർ താലൂക്കിലെ പ്രധാന പാതകളിലും നാട്ടിൻപുറങ്ങളിലും ഇത് സർവസാധാരണമായിട്ടും പോലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കാത്തത് വ്യാപക പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.