പോച്ചക്കണ്ടമായി കുന്നത്തൂരിലെ പോളച്ചിറ

Advertisement

കുന്നത്തൂർ . കുന്നത്തൂർ പഞ്ചായത്തിലെ ആറ്റുകടവ് വാർഡിൽ ഉച്ചിക്കോട്ട് ഏലായുടെ മധ്യഭാഗത്ത്
സ്ഥിതി ചെയ്യുന്ന പോളച്ചിറ
ശാപമോക്ഷം തേടുന്നു. അവികസിത പ്രദേശമായ തോട്ടത്തുംമുറി ഗ്രാമത്തിന്റെ ജീവദായിനി ആയിരുന്ന പോളച്ചിറയുടെ നാശം ആരംഭിച്ചത് വർഷങ്ങൾക്കു മുമ്പാണ്. 50 സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം വയൽ മത്സ്യങ്ങളുടെ കലവറ കൂടിയായിരുന്നു.ആഫ്രിക്കൻ പായലും പുല്ലും ചിറയുടെ അന്തകനായി മാറിയിട്ട് വർഷങ്ങളായി. ചിറയുടെ ഒരു ഭാഗത്തും വെള്ളം കാണാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ചെളിയും പുല്ലും അടിഞ്ഞുകൂടി പോച്ചക്കണ്ടമായി മാറിയിരിക്കയാണ്. ചിറയുടെ സംരക്ഷണത്തിന് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഭിത്തിയും കൽപ്പടവുകളും തകർന്നു.കുന്നത്തൂർ കിഴക്ക്, തോട്ടത്തുംമുറി,ആറ്റുകടവ്, തൂമ്പിൻപുറം,ഐവിള,കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വേനൽക്കാലത്ത് ഈ ചിറയെയാണ് ആശ്രയിച്ചിരുന്നത്. കൂടാത ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഉച്ചിക്കോട്ട് ഏലായുടെ കാർഷിക സമൃദ്ധിക്കും ചിറ ഉപകരിച്ചിരുന്നു.ചിറയിൽ പ്രത്യേക ഓവുകൾ നിർമ്മിച്ച് അതിലൂടെയായിരുന്നു ഏലായിലെ
തോടുകളിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ചിറയുടെ നാശം ഏലായിലെ കാർഷിക സമൃദ്ധിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കൃഷി ചെയ്യാൻ വെള്ളമില്ലാത്തതിനാൽ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചിരിക്കയാണ്.ചിറ ഓർമയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. തോട്ടത്തുംമുറി പ്രദേശത്തിന്റെ വളർച്ചയുടെ നാഴികകല്ലായ
പോളച്ചിറയെ സംരക്ഷിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധം ശക്തമാണ്.നിരവധി തവണ ജനപ്രതിനിധികൾക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.