തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ദീര്‍ഘകാലമായി നടത്തിയ സമരത്തിലെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ
ശാസ്താംകോട്ട . തടാക സംരക്ഷണം പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക യോഗങ്ങള്‍ തുടങ്ങി. തണ്ണീര്‍ത്തട അതോറിറ്റി നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനായോഗത്തില്‍ മാനേജുമെന്‌റ് ആക്ഷന്‍ പ്‌ളാന്‍ നടപ്പിലാക്കുന്നതിനുള്ള പരിപാടികളാണ് ചര്‍ച്ച ചെയ്തത്. 20ന് ജനപ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കും. 2010ല്‍ തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ആസ്ഥാനമായ സി ഡബ്ളിയു ആര്‍ഡിഎം നേതൃത്വത്തില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് 2010 ഒക്ടോബറില്‍ മാനേജുമെന്‍റ് ആക്ഷന്‍ പ്ളാന്‍ സമര്‍പ്പിച്ചത്. ശാസ്താംകോട്ട തടാകത്തെ സംബന്ധിച്ച് സമഗ്രവിഷയങ്ങളും ഉള്‍ക്കൊള്ളുന്ന രേഖയാണിത്. ഇതിന്‍റെ നടപ്പാക്കല്‍ ആവശ്യപ്പെട്ട് പിന്നീട് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തും സമരം നടന്നു.
20ന് തടാക തീരവുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ കൂടാതെ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്ും പങ്കെടുക്കും.
ഇതിനുശേഷം വിവിധ സംഘടനകളും വിദഗ്ധരുമായി ചര്‍ച്ച നടക്കും. 2010ല്‍ സിഡബ്‌ളിയുആര്‍ഡിഎം സമര്‍പ്പിച്ച 4 കോടി 39 ലക്ഷംരൂപയുടെ പദ്ധതി പുനരാവിഷ്‌കരിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ അധികൃതര്‍ പറഞ്ഞു. എംഎപി രൂപപ്പെടുത്തിയശേഷം തീരത്തുവന്ന മാറ്റങ്ങളും ജനകീയ വിഷയങ്ങളും വീണ്ടും മനസിലാക്കാനാണ് ചര്‍ച്ചകളും യോഗവും നടത്തുന്നത്. മുന്‍ഗണന വേണ്ട വിഷയങ്ങളും കണ്ടെത്തണം.
തടാക സംരക്ഷണത്തിന്റെ പേരില്‍ യുക്തിരഹിതമായി നടപ്പാക്കുന്ന പദ്ധതികള്‍ അവസാനിപ്പിക്കണമെന്നും ജലചൂഷണം പോലുള്ള അടിസ്ഥാനവിഷയങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തടാകതീരത്ത് വേണ്ടത്ര ശുദ്ധജലം നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ല, ജല ചൂഷണം കുറയ്ക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ട് ജലോപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ നീക്കങ്ങളുണ്ട്. ജനപ്രതിനിധികള്‍ ആരോപിച്ചു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജോൺ സി മാത്യു, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി വെറ്റ്ലാന്റ് സ്പെഷ്യലിസ്റ്റുകളായ ഡോ. ജുനൈദ് ഹസ്സൻ എസ്, അരുൺകുമാർ പി എസ് എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്ത്പ്രസിഡന്റ് ആര്‍ ഗീത,ബ്ളോക്ക് അംഗങ്ങലായ വൈ ഷാജഹാന്‍, തുണ്ടില്‍ നൗഷാദ്, സനില്‍കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍,സജീതാ ബീഗം, ഉഷാകുമാരി, രജനി, പ്രകാശിനി എന്നിവര്‍ സംസാരിച്ചു.