പുനലൂര്‍: രണ്ടു നാള്‍ നീണ്ടുനിന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനം. 947 പോയിന്റ് നേടിയാണ് കരുനാഗപ്പള്ളി ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 904 പോയിന്റ് നേടി ചാത്തന്നൂര്‍ ഉപജില്ല രണ്ടാം സ്ഥാനം നേടി. സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം 303 പോയിന്റുകളോടെ കുറ്റിക്കാട് സിപിഎച്ച്എസ്എസ് നേടി. രണ്ടാം സ്ഥാനം 232 പോയിന്റ് നേടി അഞ്ചല്‍ വെസ്റ്റ് ജിഎച്ച്എസ്എസ് കരസ്ഥമാക്കി. ഗണിത ശാസ്ത്ര മേളയില്‍ ചാത്തന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനം നേടി, സ്‌കൂളുകളില്‍ കുറ്റിക്കാട് സിപിഎച്ച്എസ്എസ് ഒന്നാമതെത്തി. ഐടി മേളയില്‍ ചടയമംഗലം ഉപജില്ല ഒന്നാം സ്ഥാനവും, സ്‌കൂളുകളില്‍ എസ്എസ്എച്ച്എസ്എസ് ചാത്തന്നൂരും ഒന്നാമതെത്തി. പ്രവര്‍ത്തി പരിചയമേളയില്‍ കരുനാഗപ്പള്ളി ഉപജില്ലയും സിപിഎച്ച്എസ്എസ് കുറ്റിക്കാട് ഒന്നാം സ്ഥാനം നേടി.
സാമൂഹ്യ ശാസ്ത്രമേളയില്‍ അഞ്ചല്‍ ഉപജില്ലയും, പുത്തൂര്‍ ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം കാര്യറ നസീര്‍ അധ്യക്ഷത വഹിച്ചു. പുനലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രഥമാധ്യാപിക പി.എ.ഉഷ സ്വാഗതം പറഞ്ഞു. കൊല്ലം ഡിഡിഇ കെ.ഐ.ലാല്‍ സമ്മാന വിതരണം നിര്‍വഹിച്ചു.