കൊല്ലം: കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍, രണ്ട് എസ്‌ഐമാര്‍ എന്നിവര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. ശാസ്താംകോട്ട ഡിവൈഎസ്പിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അദ്ദേഹം ആരോപണം നിഷേധിച്ചു. പരാതിക്കാരനായ ഇളമ്പല്ലൂര്‍ രാജ് ഹൗസില്‍ കലാരാജിന്റെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാസേന എന്ന പേരില്‍ 30-ഓളം ചെറുപ്പക്കാര്‍ ആനയുമായി സയയക്രമം തെറ്റിച്ച് എത്തിയപ്പോള്‍ നിയന്ത്രിച്ചതാണ് പരാതിക്ക് കാരണമെന്ന് പറയുന്നു. പരാതിക്കാരനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വൈകിട്ട് 6.15ന് മര്‍ദ്ദനമേറ്റെന്ന് പറയുന്നവര്‍ രാത്രി 12-നാണ് ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് പരാതിക്കാരന്‍ ഉള്‍പ്പെടുന്ന ദുര്‍ഗ്ഗാസേനയും മഹിരാവണ്‍സ് എന്നിവരുമായി സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ മുന്‍ നിശ്ചയിച്ച സമയത്ത് തന്നെയാണ് തങ്ങളെത്തിയതെന്നും തൊട്ടു മുന്നിലുണ്ടായിരുന്ന മഹിരാവണ്‍സ് മേളത്തെ ക്ഷേത്രത്തിലേയ്ക്ക് കടത്തിവിട്ടശേഷം തങ്ങളെ തടഞ്ഞതായി പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. സിഐയും എസ്‌ഐമാരും ചേര്‍ന്ന് ലാത്തി ഉപയോഗിച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും തന്റെ അമ്മയുടെ ഫോണ്‍ പൊട്ടിച്ചെന്നും പരാതിക്കാരന്‍ അറിയിച്ചു. മുറിവുകളുടെ പാടുകളുള്ള വീഡിയോയും, ചിത്രങ്ങളും പരാതിക്കാരന്‍ കമ്മീഷനില്‍ ഹാജരാക്കി. മര്‍ദ്ദനമേറ്റ് രാത്രിയോടെ വേദനയും നീരും കൂടിയതിനാലാണ് കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയതെന്നും പരാതിക്കാരന്‍ അറിയിച്ചു. ഡിവൈഎസ്പി യുടെ റിപ്പോര്‍ട്ടില്‍ സാക്ഷിയാക്കിയ അശോകന്‍ തന്റെ കുടുംബവുമായി ശത്രുതയിലാണെന്നും പരാതിക്കാരന്‍ അറിയിച്ചു.
പരാതിക്കാരന്റെ പേരില്‍ അഡ്വ. മിനി ഗംഗാധരന്‍ കമ്മീഷനില്‍ ഹാജരായി. സിഐയെയും, എസ്‌ഐ മാരെയും കമ്മീഷന്‍ നേരില്‍ കേട്ടു. പരാതിക്കാരന് പോലീസ് അതിക്രമം തെളിയിക്കാനാവശ്യമായ സാക്ഷികളെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ മഹിരാവണ്‍സും ദുര്‍ഗ്ഗാസേനയും തമ്മിലുണ്ടായ സംഘര്‍ഷമാണ് പരാതിക്കാരന് പരിക്കേല്‍ക്കാനുള്ള കാരണമെന്ന് പറയുന്ന പോലീസിന് അതും തെളിയിക്കാനായില്ല.
കുണ്ടറ പോലീസ് സ്റ്റേഷനിലെ 3 ഉദ്യോഗസ്ഥര്‍ക്കെതിരെ മുമ്പും പരാതികളുണ്ടായിട്ടുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരിക്ക് നിസാരവല്‍ക്കരിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഇത്തരം ഉദാസീനമായ നിലപാടുകള്‍ പോലീസ് സേനയ്ക്ക് കളങ്കമാണെന്നും ഉത്തരവില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം, കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന ഉപദ്രവം എന്നിവ സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും ഉത്തരവില്‍ പറഞ്ഞു.