ശാസ്താംകോട്ട താലൂക്ക് ആശുപത്രി സന്ദർശിച്ച് മന്ത്രി വീണാ ജോർജ്;8 കോടി ചെലവിൽ പുതിയ കെട്ടിടം ഉൾപ്പെടെ വാഗ്ദാനങ്ങള്‍

Advertisement

ശാസ്താംകോട്ട. ശാസ്താംകോട്ട താലൂക്ക് ഹെഡ്കോർട്ടേഴ്സ് ആശുപത്രി സന്ദർശിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മടങ്ങിയത് സ്ഥലം ഏറ്റെടുത്ത് 8 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുമെന്നത് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നൽകി.തിങ്കൾ
പകൽ 3 കഴിഞ്ഞാണ് ജനപ്രതിനിധികൾക്കൊപ്പം മന്ത്രി ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയത്.ഒ.പി ബ്ലോക്ക് പ്രവർത്തിക്കുന്ന കടമുറികളും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രി കണ്ട് ബോധ്യപ്പെട്ടാണ് മന്ത്രി മടങ്ങിയത്.നിലവിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന മാതൃ -ശിശു ബ്ലോക്കിന്റെ നിർമ്മാണം മൂന്നര മാസം കൊണ്ട് പൂർത്തീകരിക്കും.ഇതോടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.ആശുപത്രി വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ സാങ്കേതികത്വം ഉടനെ മാറിക്കിട്ടും.ഐസിയു,ട്രോമകെയർ,
പുതിയ ഓപ്പറേഷൻ തീയേറ്റർ എന്നിവ അനുവദിക്കുകയും സ്റ്റാഫ് പാറ്റേൺ ഉയർത്തുകയും ചെയ്യും.

ആക്സിഡന്റ് കേസ്സുകൾ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാത്ത തരത്തിലുളള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.ആശുപത്രിയും പരിസരവും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.ജനപ്രതിനിധികളും വിവിധ സംഘടനകളും വ്യക്തികളും മന്ത്രിക്ക് ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം കൈമാറി.കോവൂർ കുഞ്ഞുമോൻ എംഎൽഎ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി,വിദ്യാഭ്യാസ – ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനൽകുമാർ,അംഗങ്ങളായ വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്തംഗം അനിൽ തുമ്പോടൻ,ഡി.എം.ഒ,ആശുപത്രി സൂപ്രണ്ട് ഡോ.തോമസ്,പൊതു പ്രവർത്തകൻ എസ്.ദിലീപ് കുമാർ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

Advertisement