കരുനാഗപ്പള്ളി. യുവാവിനെ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമി സംഘത്തിൽ ഉൾപ്പെട്ട നാല് പ്രതികൾ കൂടി പോലീസ് പിടിയിലായി. ഇതോടെ പന്ത്രണ്ട് പ്രതികൾ അടങ്ങിയ കേസിൽ പതിനൊന്ന് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. കരുനാഗപ്പള്ളി കോഴിക്കോട് മണ്ണാശ്ശേരിൽ അൽത്താഫ്(28), കോഴിക്കോട് ഹബീബ് മൻസിലിൽ ഹബീബുള്ള (26), കോഴിക്കോട് സലീം മൻസിലിൽ സഹദ്(26), ആലുംകടവ്, മറ്റു തെക്ക്,തയ്യിൽ വീട്ടിൽ സവാദ്(28) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കരുനാഗപ്പള്ളി, കോഴിക്കോട്, എസ്.വി മാർക്കറ്റ് പുഷ്പാലയത്തിൽ രാംരാജിനെയാണ് പ്രതികൾ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കിൽ പോയപ്പോൾ അക്രമി സംഘത്തിൽ ഉൾപ്പെട്ട നസീർ ബൈക്കിൽ പുറകെ വന്ന് നിർന്തരം ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് സുമേഷും നസീറും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ രാംരാജ് സുമേഷിന്റെ പക്ഷം ചേർന്ന് സംസാരിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ഈ വിരോധത്തിൽ സുഹൃത്തിനൊപ്പം റോഡിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന രാംരാജിനെ അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രാംരാജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് നൽകിയ പരാതിയിൽ കരുനാഗപ്പള്ളിപോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിവന്ന അന്വേഷണത്തിന്റെ ഭാഗമായ് കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.