അഖിൽ സുരേന്ദ്രൻ അഞ്ചൽ
കൊല്ലം. രാജ്യത്തെ ആദ്യത്തെ ട്രാൻസ് പോസ്റ്റ് വുമണ്‍ പാർവതി കൊല്ലത്തുനിന്നാണ്. കുമരേശനിൽ നിന്ന് പാർവതിയിലേക്ക് ഒരു കടൽ ദൂരം തന്നെയുണ്ടായിരുന്നു. പരിഹാസങ്ങളുടെ കൂരമ്പുകൾ ദേഹത്ത് തട്ടി ചോര പൊടിഞ്ഞപ്പോഴും പാർവതി നടന്നു കൊണ്ടേയിരുന്നു.
ഇന്ന് രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ് വുമണെന്ന് ഖ്യാതിയും പാർവതിക്ക് സ്വന്തം. കൊല്ലം ജില്ലയിൽ ആദ്യ ട്രാൻസ്ജെൻഡർ ആധാർ കാർഡ്, ട്രാൻസ്ജെൻഡർ ഐഡി കാർഡ്, തിരഞ്ഞെടുപ്പ് ഐഡി കാർഡ് എന്നിവ നേടിയതും പാർവതിയാണ്. പാർവതിയുടെ യാത്ര അങ്ങിനെയാണ് പ്രതിസന്ധികളുടെ കുന്നും മലയുമൊക്കെ കടന്ന് നീങ്ങാന്‍ പൊരുതി ഉറച്ചമനസാണ് അവരുടേത്.
റോസ്മല പോസ്റ്റ് ഓഫീസ് കൊടും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ്. കൊടുമുടിയിൽ നിന്ന് നോക്കുമ്പോൾ കാടിന് നടുവിൽ റോസാദളങ്ങൾ പോലെയാണ് ഗ്രാമം. അതിനാൽ റോസ്മല എന്ന പേര് ലഭിച്ചു. “സഞ്ചാരികളുടെ റോസ് മല ” പേരുപോലെ മനോഹരമല്ല.
ഉറുകുന്നിലെ വീട്ടിൽ നിന്ന് ദിവസവും 35 കിലോമീറ്റർ സഞ്ചരിച്ചാണ് പാർവതി റോസ്മലയിലെത്തുന്നത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്ന് ആര്യങ്കാവ് ആർഒ ജംഗ്ഷനിൽ നിന്ന് 12 കിലോമീറ്റർ ദൂരം കൊടും വനത്തിലൂടെയാണ് യാത്ര. തേക്ക്, റബ്ബർ തോട്ടങ്ങൾ താണ്ടി സെന്തുരുണി വന്യജീവി സങ്കേതത്തിലെ സംരക്ഷിത വനമേഖലയിലേക്കാണ് റോഡ് എത്തുന്നത്.
രാജകുപ്പ് ഭാഗത്ത് നിന്ന് റോസ്മലയിലേക്കും തിരിച്ചും മെയിൽ കൊണ്ടുപോകുന്നതാണ് പാർവതിയുടെ ജോലി. ജോലിയുടെ സൗഭാഗ്യത്തില്‍ സ്വയം മറക്കുന്നവര്‍ ഈ ജോലിയുടെ വിവരണം കേട്ടാല്‍ നടുങ്ങും.
കാടുകൾക്കിടയിലൂടെയുള്ള യാത്രയിൽ, റോഡുകൾക്കു കുറുകെയുള്ള വെള്ളപ്പൊക്കമുള്ള ചപ്പാത്ത് പാലങ്ങൾ, വഴുവഴുപ്പുള്ള ചരിവുകൾ, ആനത്താരകള്‍ എന്നിവയിലൂടെ അവൾ കടന്നുപോകുന്നു. വന്യമൃഗങ്ങളെ കണ്ട് സുരക്ഷിത സ്ഥാനത്തേക്ക് തിരികെ ഓടേണ്ടി വന്ന ദിവസങ്ങളുണ്ടായിരുന്നു പാർവതിക്ക്
പാർവതിയെ ഞാൻ പരിചയപ്പെടുന്നത് ചില്ല സെക്രട്ടറി റാണി നൗഷാദ് മേഡത്തിന്റെ നേതൃത്വത്തിൽ ചില്ല ഫൗണ്ടേഷനും എസ്എന്‍ വനിത കോളജും ചേർന്ന് നടത്തിയ “ലിംഗസമത്വം വെറൊമൊരു ഹാഷ്ടാഗോ ” എന്ന പരിപാടിയിൽ വെച്ചാണ് .
പാർവതി പറയുന്നത് ഒട്ടേറെ പേർക്ക് പ്രചോദനമാവണം , നിരവധി പേർ ഈ സമൂഹത്തിൽ നാനാതുറകളിൽ ബുദ്ധിമുട്ടി കഴിയുന്നവരുണ്ട്, അവർക്കെല്ലാം എന്തെങ്കിലുമൊക്കെ ആയിതീരാമെന്ന് പാർവതിയുടെ ജീവിതം കൊണ്ട് മനസിലാക്കി കൊടുക്കണം. കുടുംബത്തിന് താങ്ങും തണലുമാവണം.