തിരുവാഭരണം മാറ്റി മുക്കുപണ്ടം വച്ച ക്ഷേത്ര അധികാരി പോലീസ് പിടിയില്‍

Advertisement

ചവറ: നീണ്ടകര മണ്ണാത്തറ ദേവി ക്ഷേത്രത്തിലെ തിരുവാഭരണം മാറ്റി മുക്കുപണ്ടം വച്ച ക്ഷേത്രം സെക്രട്ടറി പിടിയില്‍. നീണ്ടകര പുത്തന്‍തുറ വളവില്‍ വീട്ടില്‍ ജയസേനന്‍ മകന്‍ ജിജോ(41) ആണ് ചവറ പോലീസിന്റെ പിടിയിലായത്.  മണ്ണാത്തറ ദേവി ക്ഷേത്രത്തിലെ സെക്രട്ടറിയായ പ്രതി വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണ തിരുവാഭരണം മാറ്റി മുക്കുപണ്ടം വയ്ക്കുകയായിരുന്നു. സംശയം തോന്നിയ ശാന്തി വിശ്വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജിജോ മാറ്റിനല്‍കിയ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നു. ക്ഷേത്ര വിശ്വാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തു. വിവരമറിഞ്ഞ് ഒളിവില്‍ പോയ ജിജോയെ പോലീസ് അന്വേഷിച്ച് കണ്ടെത്തി പിടികൂടുകയായിരുന്നു. ഇയാള്‍ മാറ്റിയ സ്വര്‍ണ്ണ തിരുവാഭരണത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു, ഉടന്‍തന്നെ തിരുവാഭരണം കണ്ടെത്തുമെന്നും ചവറ പോലീസ് അറിയിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന്റെ നിര്‍ദ്ദേശാനുസരണം കുരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ചവറ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.സിപിഒ അനില്‍, സിപിഒ വൈശാഖ്, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.