തിരുവല്ല: സാൽവേഷൻ ആർമി പള്ളി – കാട്ടൂക്കര റോഡ് മാലിന്യ നിഷേപ കേന്ദ്രമായി മാറുന്നു. എസ് എ എൽ പി എസിന് മുൻവശമുള്ള റോഡിൽ ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള ഭാഗത്താണ് ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം തള്ളുന്നത്. നിത്യേന നൂറ് കണക്കിന് വാഹനങ്ങളും, ആളുകളും സഞ്ചരിക്കുന്ന ടൗണിലെ പ്രധാനപ്പെട്ട പാതയോരത്താണ് മാലിന്യ കൂമ്പാരം. വഴിയാത്രാക്കാർ ഈ ഭാഗത്ത് സ്ഥിരമായി മലമൂത്ര വിസർജനം നടത്തുന്നതും പതിവ് കാഴ്ചയാണ്. രാത്രി കാലങ്ങളിൽ മദ്യപരുടെ താവളം കൂടിയാണിവിടം. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട പെട്ടി കടകൾ ഉള്ളത് മദ്യപാനികൾക്ക് ആശ്വാസമാണ്. മറ്റ് സ്ഥലങ്ങളിലേക്ക് ബസ്സിൽ പോകാൻ വരുന്നവരും, ബാറുകളിലേക്ക് പോകുന്നവരും സ്ഥിരമായി വാഹന പാർക്കിങ്ങിനുള്ള സൗകര്യപ്രദമായ ഒരു ഇടമായും ഈ ഭാഗം ഉപയോഗപ്പെടുത്തുന്നുണ്ട്. മുൻസിപ്പൽ അധികാരികളും, പോലീസും ഇക്കാര്യം ശ്രദ്ധക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം