കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ. മൈനാഗപ്പള്ളി ഷൈൻ മൻസിലിൽ ഷാനു(25), മൈനാഗപ്പള്ളി തടത്തിൽ പുത്തൻവീട്ടിൽ ലിജോ(24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതികൾ ഇവരുടെ സുഹൃത്തായ നാസിമിന് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തൂടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു. ചികിൽസക്കിടയിൽ പ്രതികൾ ആശുപത്രി ജീവനക്കാരുമായി തർക്കത്തിലാവുകയും പിടിച്ചുമാറ്റാൻ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ തല്ലുകയുമായിരുന്നു. ആശുപത്രിയിലെ ക്യാഷ്യാലിറ്റി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷാനുവിനെതിരെ മോഷണം, മാനഭംഗപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്ക് കേസുകൾ നിലവിലുണ്ട്. ലിജോയ്‌ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറ് മോഷണ കേസുകളും മാനഭംഗ കേസും നർക്കോട്ടിക്ക് കേസും നിലവിലുണ്ട്. കരുനാഗപ്പള്ളി സബ് ഇൻസ്‌പെക്ടർ ഷെമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.