കൊട്ടാരക്കര: സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയില്‍ നടത്തിയ റെയ്ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി ഉപയോഗിച്ച ആറ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ പോലീസ് മേധാവി സാബു മാത്യു.കെ.എം-ന്റെ നിര്‍ദ്ദേശ പ്രകാരം ഡിസ്ട്രിക്ട് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി റജി ഏബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടത്തിയത്. കൊല്ലം റൂറല്‍ ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു. പത്തനാപുരം, പുത്തൂര്‍, പുനലൂര്‍, എഴുകോണ്‍ എന്നീ സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനക്ക് വിധേയമാക്കും. കുട്ടികള്‍ക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരം റെയ്ഡുകള്‍ സംഘടിപ്പിക്കുന്നത്.