കൊല്ലം: കുണ്ടറ-കൊട്ടിയം റോഡരികിലെ മൃഗാശുപത്രിയ്ക്ക് മുന്നിലുള്ള ഭാഗത്ത് ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് നിയമപരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
മൃഗാശുപത്രി-കാമ്പയില്‍ക്കട റോഡിന്റെ വശത്ത് നിലവിലുള്ള പാര്‍ക്കിംഗ് രണ്ടാഴ്ചയ്ക്കകം അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനില്‍ എഴുതി സമര്‍പ്പിക്കണം.
തന്റെ വീടിന് മുന്നിലുള്ള അനധികൃത ഓട്ടോറിക്ഷാ പാര്‍ക്കിംഗ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പുഴ സ്വദേശി ബി.എസ്. വിഘ്‌നേഷ് സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കിയാണ് ഉത്തരവ്.
ഓട്ടോറിക്ഷാ പാര്‍ക്കിംഗ് അനുവദിക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണെന്ന് കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. പ്രദേശത്തെ ജനപ്രതിനിധിയുടെ നിര്‍ദ്ദേശാനുസരണമാണ് മൃഗാശുപത്രി കമ്പിക്കട റോഡില്‍ പാര്‍ക്കിംഗ് അനുവദിച്ചതെന്ന് ഇളമ്പള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇതിനെതിരെ അന്‍പതോളം പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി അവഗണിച്ചു.
ഗ്രാമപഞ്ചായത്ത് നിലവില്‍ സ്റ്റാന്‍ഡ് അനുവദിച്ചിട്ടില്ലാത്ത സ്ഥലത്ത് അനധികൃതമായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് പരാതിക്കാരന്റെ ഉള്‍പ്പെടെയുള്ള സ്ഥലവാസികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.