കുണ്ടറയിൽ ഇനി കലയുടെ രാപ്പകലുകൾ

Advertisement

കുണ്ടറ: വിളംബര ഭൂമിയില്‍ ഇന്നു മുതല്‍ നാലു നാള്‍ ആവേശത്തിന്റെയും ആകാംക്ഷയുടേയും ദിനരാത്രങ്ങള്‍ സമ്മാനിച്ച് കൊല്ലം റവന്യൂജില്ലാ കലോത്സവത്തിന് തുടക്കം. 6000-ല്‍ പരം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് രാവിലെ 8.30ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍ പതാക ഉയര്‍ത്തി. 9 മുതലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. 13 വേദികളിലായിലാണ് മത്സരങ്ങളെങ്കിലും ഇന്ന് 10ന് കേരളപുരം സെന്റ് വിന്‍സന്റ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളം, ഇളമ്പള്ളൂര്‍ കെജിവിയുപി സ്‌കൂള്‍, എസ്എന്‍എസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അറബിക് സാഹിത്യോത്സവം, സംസ്‌കൃത കലോത്സവം, മലയാളം ഉറുദു തമിഴ് രചന മത്സരങ്ങളുമാണ് നടക്കുന്നത്.
ഒരുക്കങ്ങളെല്ലാം ഇന്നലെ രാത്രിയോടെ തന്നെ അവസാന ഘട്ടത്തിലായി. പ്രധാന പന്തലില്‍ നടന്ന ചടങ്ങില്‍ പ്രകാശ സംവിധാനങ്ങളുടെയും പരസ്യവണ്ടിയുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം കെ.ഐ ലാല്‍ നിര്‍വഹിച്ചു. ശബ്ദസംവിധാനങ്ങളുടെ ഉദ്ഘാടനം കെ.പി.എ.സി നാടകനടന്‍ ഫ്രാന്‍സിസും പാചകപുരയുടെ പാലുകാച്ച് കര്‍മ്മം ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍ സജികുമാറും നിര്‍വഹിച്ചു.
പ്രധാന വേദിക്ക് സമീപം വയര്‍ലെസ് സംവിധാനത്തോടുകൂടിയ പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. വനിത പോലീസുള്‍പ്പെടെ 250 പോലീസ് സേനയും സ്റ്റുഡന്റ്സ് പോലീസും ആവശ്യമായ നിയന്ത്രണങ്ങള്‍ നടത്തും. കൂടാതെ ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇവയെല്ലാം. ആംബുലന്‍സ് സംവിധാനങ്ങളും പ്രാഥമിക ശുശ്രൂഷ സംഘവും തയ്യാറായി കഴിഞ്ഞു.

മുന്നൊരുക്കങ്ങളുമായി റൂറല്‍ പോലീസ്
കൊല്ലം: ജില്ലാ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുമായി റൂറല്‍ പോലീസ്. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനും പ്രത്യേകം പ്രത്യേകം വിഭാഗങ്ങളായി തിരിച്ച് സ്‌കീം തയ്യാറാക്കി. എല്ലാ വേദികളിലും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് സ്‌കീം തയ്യാറാക്കിയിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട് പ്രധാന വേദിക്ക് സമീപം പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇതിനായി പ്രത്യേക മൊബൈല്‍ നമ്പറും ലഭ്യമാണ്.
കൂടാതെ കലോത്സവത്തിനായി എത്തുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ അടങ്ങിയ ലഘുലേഖകള്‍ സോഷ്യല്‍ മീഡിയ മുഖേനയും അല്ലാതെയും വിതരണം ചെയ്യും. 13 വേദികളിലായി നടക്കുന്ന കലോത്സവം പ്രധാനമായും കൊല്ലം-കുണ്ടറ റോഡിലും കുണ്ടറ-കണ്ണനല്ലൂര്‍ റോഡിലും കൊല്ലം-തേനി ദേശീയപാതയിലും സമീപമുള്ള സ്‌കൂളുകളിലാണ് നടക്കുന്നത്. ഇതിനിടെ റെയില്‍വേ ഗേറ്റുകളും തടസമായുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഗതാഗത ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഭക്ഷണശാല ഇളമ്പള്ളൂര്‍ ജംഗ്ഷനിലുള്ള സ്‌കൂളില്‍ ആയതുകൊണ്ട് അവിടെയും ഗതാഗത തടസ്സം ഉണ്ടാവാതിരിക്കുവാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആവശ്യമായ വയര്‍ലെസ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഗതാഗത ക്രമീകരണം
ജില്ലാകലോത്സവത്തോടനുബന്ധിച്ച് 20 മുതല്‍ 24 വരെ കുണ്ടറയില്‍ പ്രത്യേക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്.
1 അഞ്ചാലുംമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ലെവല്‍ ക്രോസ് പ്രവേശിക്കാതെ ഇടത്തേക്ക് തിരിഞ്ഞ് പോലീസ് സ്റ്റേഷന് മുമ്പിലൂടെ കച്ചേരിമുക്ക് വഴി മുക്കട ജംഗ്ഷന്‍ വഴി ആവശ്യമുള്ള സ്ഥലത്തേക്ക് തിരിഞ്ഞു പോകണം.

  1. കല്ലട ഭാഗത്ത് നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മൃഗാശുപത്രി ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് നാന്ത്രിക്കല്‍ ജംഗ്ഷനിലെത്തി പോകണം.
  2. നാന്തിരിക്കല്‍ ജംഗ്ഷനില്‍ നിന്നും മൃഗാശുപത്രിയിലേക്ക് പോകുന്ന റോഡ് പൂര്‍ണമായും വണ്‍വേ സംവിധാനം ആയിരിക്കും
    L4. കൊട്ടാരക്കര ഭാഗത്തുനിന്നും വരുന്ന ടിപ്പര്‍, ടോറസ്, നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ എന്നിവ പോലെയുള്ള വാഹനങ്ങള്‍ ആശുപത്രിമുക്കില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പെരുമ്പുഴ വഴി കൊല്ലത്തേക്ക് പോകേണ്ടതാണ്.
  3. കൊല്ലത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ കേരള പുരത്തുനിന്നും വലത്തേക്ക് തിരിഞ്ഞ് പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി മുക്കിലെത്തി കൊട്ടാരക്കര ഭാഗത്തേക്ക് പോകണം.
  4. പ്രധാന റോഡുകളുടെ വശങ്ങളിലുള്ള അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല.
  5. കലോത്സവത്തിനായി വരുന്ന വാഹനങ്ങള്‍ ആയതിനായി ക്രമീകരിച്ചിട്ടുള്ള പാര്‍ക്കിംഗ് സ്ഥലത്ത് മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്. അവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍…
    കലോത്സവ വേദി കണ്‍ട്രോള്‍ റൂം 9497907780, കണ്‍ട്രോള്‍ റൂം കൊല്ലം റൂറല്‍ 04742450100, കുണ്ടറ പോലീസ് സ്റ്റേഷന്‍ 9497980193, 9497980195, 04742547239
Advertisement