കരുനാഗപ്പള്ളി .രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ ചാവക്കാട് സ്വദേശി അറസ്റ്റിൽ.
തൃശ്ശൂർ ചാവക്കാട് പടിഞ്ഞാറയിൽ വീട്ടിൽ ഫൈസി എന്നറിയപ്പെടുന്ന ശിഹാബുദ്ദീനെ ആണ് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടി പിടികൂടിയത്. ഓച്ചിറ കാളകെട്ട് ഉത്സവം, വൃശ്ചികോത്സവം തുടങ്ങിയ സന്ദർഭങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് മാഫിയയിലെ കണ്ണികൾ പടനിലത്ത് ഒത്തുകൂടുന്നതായി എക്സൈസ് ഷാഡോ വിഭാഗത്തിന് സൂചന ലഭിച്ചതിനെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി ശിഹാബുദ്ദീൻ പിടിയിലായത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്sറായിരുന്ന റ്റി. അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 19.11. 2020 ൽ കരുനാഗപ്പള്ളി, പൻമനയിൽ നിന്നും കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ പി മോഹനൻ ഹഷീഷ് കണ്ടെടുത്ത കേസിൽ മുൻ ഡെപ്യൂട്ടി കമ്മീഷണർ ബി. സുരേഷ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൊല്ലം സെഷൻസ് കോടതി പുറപ്പെടുവിച്ച വാറന്റിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലും കേരളത്തിന് പുറത്തേക്കും കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിന്തുടർന്നിരുന്നു.
ഓച്ചിറ പടനിലത്തെ വൃശ്ചികോത്സവത്തിന് ഇടയിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന്
ഇന്ന് പുലർച്ചെ മുതൽ എക്സൈസ് ഷാഡോ വിഭാഗം മൈതാനത്തെ കാർണിവൽ, പ്രദർശന മേഖലകളിൽ നിരീക്ഷണം ശക്തിപ്പെടുത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും പ്രിവന്റീവ് ഓഫീസർമാരായ
എ അജിത് കുമാർ, എബിമോൻ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ
അനിൽകുമാർ,അൻഷാദ്, സഫേഴ്സൺ, ഡ്രൈവർ മൻസൂർ എന്നിവരുടെയും നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. ഇയാൾ ക്കെതിരെ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളും കള്ളനോട്ട്,മയക്ക് മരുന്ന് കേസുകളും നിലവിലുണ്ട്. അടുത്തിടെ കാള കെട്ട് ഉത്സവ ത്തിനിടയിൽ ഓച്ചിറ പടനിലത്തു നിന്നും എംഡിഎംഎ വിൽപ്പന നടത്തിയ പ്രതിയെയും കരുനാഗപ്പള്ളി എക്സൈസ് പാർട്ടി പിടികൂടിയിരുന്നു.