ശാസ്താംകോട്ട. കെഎസ്എം ഡിബികോളജില്‍ ഇംഗ്ളീഷ് വിഭാഗം മേധാവിയായ സന്ധ്യടീച്ചറിനെ അറിയുന്ന പലര്‍ക്കും ഇക്കാര്യമറിയില്ല. തങ്ങളുടെ പ്രിയ അധ്യാപിക അഷ്ടമുടിക്കായലിലെ മണ്‍റോത്തുരുത്തില്‍ ഒരു കിടിലന്‍ ഫാം നടത്തുന്നുണ്ടെന്ന്. ഇനി അതറിയണം. കാരണം മികച്ച മല്‍സ്യകര്‍ഷകയ്ക്കുള്ള ദേശീയ അവാര്‍ഡ് ടീച്ചറിങ്ങ് കൊല്ലത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.
കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, ഈ വർഷത്തെ ബെസ്റ്റ് മറൈന്‍ ഫിഷ് ഫാര്‍മര്‍ അവാര്‍ഡ് ദേശീയ പുരസ്‌കാരം കെഎസ്എം ഡിബികോളജ് അധ്യാപിക സന്ധ്യാ സി വിദ്യാധരന്‍ ഇന്ന് അഹമ്മദാബാദില്‍ ഏറ്റുവാങ്ങി. പത്തുവര്‍ഷമായി കൊല്ലം മൺട്രോത്തുരുത്തിൽ “കണ്ടൽ തീരം ”ഫാം നടത്തുകയാണ് സന്ധ്യാ സി വിദ്യാധരന്‍.
ഈ വർഷത്തെ വേൾഡ് ഫിഷറീസ് ഡേയോട് അനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന Global Fisheries Conference India-2023 ൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല ചടങ്ങിൽ വച്ച് പ്രശസ്തി പത്രവും ഒരുലക്ഷം രൂപ ക്യാഷ് അവാർഡും സന്ധ്യയ്ക്ക് കൈമാറി.
ശാസ്താംകോട്ട ഡിബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും ആണ് സന്ധ്യ. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനിലെ എക്സിക്യൂട്ടീവ് എൻജിനീയർ ഐ. ജി.ഷിലുവിന്റെ ഭാര്യയാണ് സന്ധ്യ. ജോലിയില്‍ നിന്നുമുള്ള ഒഴിവുസമയങ്ങളാണ് സന്ധ്യയും ഭര്‍ത്താവ് ഷിലുവും 5 ഏക്കറുള്ള ഫാമില്‍ ചിലവിടുന്നത്. പരിചയ സമ്പന്നരായ സഹായികളുമുണ്ട്.കരിമീന്‍,കൊഞ്ച് കൊഞ്ച് കുഞ്ഞുങ്ങളുടെ ഉല്‍പാദനം എന്നിവയിലാണ് ഇപ്പോള്‍ ശ്രദ്ധ. കൂടുതല്‍ മികവോടെ ഫാം വികസിപ്പിക്കണമെന്നാണ് ഉദ്ദേശ്യം. ഫാം ടൂറിസവും വികസിപ്പിക്കാനാണ് പദ്ധതി.