ശാസ്താംകോട്ട. സർക്കാരിന്റെ നവകേരള സദസ്സിന് വേദിയൊരുക്കാൻ ചക്കുവള്ളി പടനിലം പരബ്രഹ്മ ക്ഷേത്രത്തോട് ചേർന്നുള്ള ദേവസ്വം ഭൂമി ഉപയോഗിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി കുന്നത്തൂർ താലൂക്ക് കമ്മിറ്റി രംഗത്ത്.
കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ചക്കുവള്ളിയിൽ
ഡിസംബർ 18ന് നടക്കുന്ന നവകേരള സദസ്സ് നടത്തുന്നതിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലമാണ് വിവാദമായിരിക്കുന്നത്.അനുമതി നൽകരുത് എന്നാവശ്യപ്പെട്ട്
ദേവസ്വം ബോർഡ് കരുനാഗപ്പള്ളി ഗ്രൂപ്പ് അസി.കമ്മീഷ്ണർ,ദേവസ്വം ബോർഡ് സെക്രട്ടറി,ദേവസ്വം കമ്മീഷ്ണർ,ഓംബുഡൻസ്മാൻ എന്നിവർക്ക് ഐക്യവേദി പരാതി നൽകിയിട്ടുണ്ട്.
കരുനാഗപ്പള്ളി ദേവസ്വം ഗ്രൂപ്പിനു കീഴിൽ പോരുവഴി വില്ലേജിൽ ഉൾപ്പെട്ട ചക്കുവള്ളി പടനിലം ക്ഷേത്രത്തിലെ 252.40 ഹെക്ടർ സ്ഥലമാണ് സദസ്സ് നടത്താനായി അധികൃതർ കണ്ടെത്തിയിരിക്കുന്നത്.ഈ ക്ഷേത്ര ഭൂമിയിൽ വിശാലമായ പന്തൽ സ്ഥാപിച്ച് നവകേരള സദസ്സ് നടത്തുവാനും ഇതിനുള്ള സ്വാഗതസംഘമെന്ന നിലയിൽ ഓഫീസ് നിർമ്മാണം നടത്താനും ശ്രമം ആരംഭിച്ചതായി ഐക്യവേദി ആരോപിക്കുന്നു.രാഷ്ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ചാണ് ക്ഷേത്ര ഭൂമി കയ്യേറാനുള്ള നീക്കം നടക്കുന്നതത്രേ.ചില മന്ത്രിമാരും ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും സ്ഥലം സന്ദർശിക്കുകയും രൂപരേഖ തയ്യാറാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും സൂചനയുണ്ട്.റവന്യൂ റിക്കാർഡുകൾ പ്രകാരം ഈ സ്ഥലം ക്ഷേത്രത്തിന്റെ പേരിലുള്ളതും തിരുവിതാംകൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലും
അധീനതയിലുമുള്ളതാണ്.
വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം ഭൂമിയിൽ കയ്യേറ്റം വ്യാപകമായതിനെ തുടർന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വരെ കേസ്സ് എത്തിയിരുന്നു.തുടർന്ന് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അനധീകൃത കയ്യേറ്റം പൂർണമായും ഒഴിപ്പിക്കുകയും ദേവസ്വം ബോർഡ് അതിർത്തി നിർണയിക്കുകയും ചെയ്തിരുന്നു.ഈ ഭൂമിയിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ആയോധന കലകളും മണ്ഡല കാലത്ത് 12 വിളക്ക്,കാർത്തിക വിളക്ക്,മകരവിളക്ക്,കാളകെട്ടുത്സവം ഉൾപ്പെടെയുളള ചടങ്ങുകൾ നടത്തുന്നത്.സർക്കാരിനോ രാഷ്ട്രീയ പാർട്ടികൾക്കോ യാതൊരു അവകാശവും അധികാരവും ഇല്ലാത്ത ക്ഷേത്രം ഭൂമി പിടിച്ചെടുത്ത് നവകേരള സദസ് നടത്താനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് ലംഘിച്ചുകൊണ്ട് അനുമതി നൽകിയാൽ ഉണ്ടാകുന്ന അനിഷ്ഠസംഭവങ്ങൾക്ക് ദേവസ്വം ബോർഡ് മാത്രമായിരിക്കും ഉത്തരവാദിയെന്നും ഹിന്ദു ഐക്യവേദി രക്ഷാധികാരി എം.വിജയേന്ദ്രൻ പിളള,പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള എന്നിവർ മുന്നറിയിപ്പ് നൽകി.