കശുവണ്ടി: കൂലി വർദ്ധനവ് ചർച്ച നവംബർ 27ന്

Advertisement

കൊല്ലം. കശുവണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവ് ചർച്ച 2023 നവംബർ 27 ന് തിരുവനന്തപുരത്ത് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടക്കും.

ട്രേഡ് യൂണിയൻ, വ്യവസായ പ്രതിനിധികൾ അടങ്ങുന്ന വ്യവസായ ബാന്ധവ സമിതിയാണ് (IRC) കൂലി പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുന്നത്.

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൊല്ലത്ത് വച്ച് ചേർന്ന യോഗ തീരുമാനപ്രകാരം വിവിധ മേഖലകളെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

കമ്മിറ്റിയുടെ സിറ്റിംഗ് സംസ്ഥാനത്ത് ആകമാനം നടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആയതിൻ്റെ അടിസ്ഥാനത്തിൽ കൂലി പ്രശ്നം ഉടൻ പരിഹരിക്കും.

എല്ലാ ആനുകൂല്യങ്ങളും നൽകി മുടക്കമില്ലാതെ പ്രവർത്തിച്ചുവരുന്ന പൊതുമേഖലയിലെ ഫാക്ടറികളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഒറ്റപ്പെട്ട ചിലർ പരിശ്രമിക്കുന്നുണ്ട്. അത് പൊതുമേഖല സ്ഥാപനത്തെ കൂടി തകർക്കാനെ ഉപകരിക്കുകയുള്ളൂ.

കൂലി വർദ്ധനവിന് കാഷ്യൂ കോർപ്പറേഷൻ എതിരല്ലെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, ബോർഡ് മെമ്പറൻമാരായ ജി.ബാബു (എ.ഐ.ടി.യു.സി), അഡ്വ.ശൂരനാട് എസ്. ശ്രീകുമാർ (ഐ.എൻ.ടി.യു.സി), സജി ഡി ആനന്ദ് (യു.ടി.യു.സി), ബി.സുചീന്ദ്രൻ (സി.ഐ.ടി.യു) എന്നിവരും പ്രസ്താവനയിൽ അറിയിച്ചു.