തഴവയില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു

Advertisement

കരുനാഗപ്പള്ളി . കഴിഞ്ഞദിവസം തഴവയിൽ മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.തഴവ, തെക്കുംമുറി പ്രദീപ് ഭവനിൽ പാക്കരൻ ഉണ്ണി എന്ന പ്രദീപ് (32) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്. തഴവ തെക്കുംമുറി,തട്ടക്കാട്ടു കിഴക്കേത്തറയിൽ തുളസീധരൻ(65) നാണ് കുത്തേറ്റു മരിച്ചത്.

വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. തുളസീധരൻ്റെ വീട്ടിൽ എത്തിയ പ്രതി തുളസീധരനെ തൻ്റെ സമീപത്തേക്ക് വിളിച്ച് വരുത്തി അരയിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മാരകമായി പരിക്കേറ്റ തുളസീധരനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവരം അറിഞ്ഞെത്തിയ കരുനാഗപ്പള്ളി പോലീസ് പ്രതിയായ പ്രദീപിനെ ഉടൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൽ മുമ്പും നിരവധി കേസുകളിൽ പ്രതിയാണ്.കരുനാഗപ്പള്ളി ഇൻസ്പെക്ട‌ർ ബിജു വി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, ഷാജിമോൻ, സന്തോഷ്, എഎസ്ഐ മാരായ വേണുഗോപാൽ, ജോയ് എസ് സി പി ഒ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.