കുണ്ടറ: 62-ാമത് ജില്ലാകലോത്സവ വേദിയിൽ നിശബ്ദതയുടെ പുതിയ ഭാവതലങ്ങൾ സമ്മാനിച്ച് മൂകാഭിനയ വേദി സമ്പുഷ്ടമായി.ആർഷ ഭാരത സംസ്‌കാരത്തിലെ വൈദേശിക ആധിപത്യം പ്രമേയമാക്കിയെത്തിയ ഗവ. എച്ച്എസ്എസ് പുനലൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സമകാലിക സംഭവങ്ങളെ പ്രമേയമാക്കിയെത്തിയ സ്‌കൂളുകൾ മികച്ച നിലവാരം പുലർത്തി. കേരളം ഏറെ ചർച്ചചെയ്ത സമകാലിക സംഭവമായ ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം കൂടുതൽ ടീമുകൾ പ്രമേയമാക്കി. പട്ടാളക്കാരുടെ ജീവിതം, ദുരഭിമാനക്കൊല, കലിംഗയുദ്ധം, വന്ദനകൊലക്കേസ് എന്നിവയെല്ലാം മികച്ച രീതിയിൽ മൂകാഭിനയത്തിലൂടെ കാണികളിലേക്കെത്തി. മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. വിധിനിർണയത്തിൽ അപാകത ചൂണ്ടിക്കാട്ടി മറ്റു മത്സരാർത്ഥികൾ രംഗത്തെത്തിയതോടെ വേദി സംഘർഷ ഭരിതമായി.
മൂകാഭിനയ വേദിയിൽ കൈയ്യാംകളി
മൂകാഭിനയ വേദിയിലെ വിധിനിർണയത്തിൽ അപാകത ചൂണ്ടിക്കാട്ടി ചില മത്സരാർത്ഥികളും രക്ഷകർത്താക്കളും രംഗത്തെത്തിയത് വേദിയെ സംഘർഷഭരിതമാക്കി. മത്സരാർത്ഥികളുടെ വേഷ പകർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് വിധിനിർണയത്തിൽ നിർണായകമായതെന്ന വിധികർത്താക്കളുടെ പ്രസ്താവനയെ മറ്റ് മത്സരാർത്ഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. മൂകാഭിനയത്തിന് ശേഷം നടക്കേണ്ടുന്ന യുപി വിഭാഗം നാടകമത്സരവേദിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറുകയായിരുന്നു. പ്രതിഷേധത്തിനൊടുവിൽ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
*മത്സരാർത്ഥിക്ക് പരിക്ക്*
മൂകാഭിനയത്തിൽ മത്സരത്തിനിടെ വീണ് മത്സരാർത്ഥിക്ക് പരിക്കേറ്റു. കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂളിലെ അഭിൻ.ജി.പിക്ക് ആണ് പരിക്കേറ്റത്. യുദ്ധത്തിന്റെ ആകുലതകളെ വേദിയിൽ അവതരിപ്പിക്കുന്നതിനിടെയാണ് അഭിന് പരിക്കേറ്റത്. പനിയെത്തുടർന്ന് ആശുപത്രി കിടക്കയിൽ നിന്നാണ് അഭിൻ മത്സര വേദിയിലെത്തിയത്. തുടർന്ന് മത്സരം തടസ്സപ്പെട്ട് ടീം വേദിയിൽ നിന്നും പുറത്തുപോയി. പിന്നീട് ബാക്കി മത്സരാർത്ഥികളുടെ മത്സരങ്ങൾക്ക് ശേഷം ടീമിന് പങ്കെടുക്കാൻ അവസരം നൽകിയെങ്കിലും ടീം പങ്കെടുത്തില്ല.