കൊല്ലം : കൈവശ ഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന വയോധികന് കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിലുള്ള സർവ്വേ നമ്പർ 485/2 ൽ ഉൾപ്പെട്ട 15.40 ആർ ഭൂമീയ്ക്ക് പട്ടയം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൊല്ലം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. ഇളമാട് സ്വദേശി അനഘപ്രസാദ് സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. പരാതിക്കാരിയുടെ പിതാവാണ് പട്ടയത്തിന് വേണ്ടി അലയുന്നത്. പിതാവും മുത്തച്ഛനും 100 വർഷമായി താമസിക്കുന്ന കൈവശഭൂമിയ്ക്കാണ് പട്ടയം അനുവദിക്കേണ്ടത്.
കൊട്ടാരക്കര തഹസീൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ പിതാവ് പ്രസാദിന് ഭൂമിയിൽ പട്ടയം അനുവദിക്കുന്നതിൽ ആക്ഷേപമില്ലെന്ന് താലൂക്ക് ലാന്റ് ബോർഡിൽ നിന്നും റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് തഹസീൽദാർ അറിയിച്ചു.
പട്ടയം അനുവദിക്കുന്നതിൽ നിലവിൽ സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.