വിവരാവകാശ കമ്മീഷൻ തെളിവെടുപ്പ് ഹൈബ്രിഡ് സംവിധാനത്തിലേക്ക്

Advertisement

കൊല്ലം. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കീം. തെളിവെടുപ്പില്‍ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായോ നവമാധ്യമ സംവിധാനങ്ങള്‍ വഴിയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഓരോ ഹിയറിംഗിനുമുമ്പും ബന്ധപ്പെടാനുള്ള ലിങ്ക് അറിയിക്കും. ഇതിലൂടെ ഹർജികാർക്ക് പങ്കെടുക്കാം. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ അധ്യക്ഷതയിൽ തെളിവെടുപ്പ് യോഗം ചേർന്നു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നല്‍കുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകൾ, ഉത്തരവുകൾ, സര്‍ക്കുലറുകൾ തുടങ്ങിയ വിവരങ്ങൾ എല്ലാവർക്കും ഏതു നേരവും ലഭിക്കും വിധം ബന്ധപ്പെട്ട വകുപ്പിന്റെ സൈറ്റിൽ ഉദ്യോഗസ്ഥർ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. സർക്കാർ ഓഫീസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓൺലൈനായി ലഭ്യമാകണമെന്നും പറഞ്ഞു.

വിവരാവകാശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോകുമ്പോള്‍ ആ കാര്യവും പുതിയ ഓഫീസറുടെ വിവരവും അതത് സമയം കമ്മിഷനെ അറിയിക്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു. അപേക്ഷ ലഭിച്ചാല്‍ ലഭ്യമായ വിവരങ്ങള്‍ എത്രയും വേഗം നല്‍കണം.

ചില അപേക്ഷകളിൽ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത കണ്ടുവരുന്നതായും ഇത് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്. വിവരാവകാശ നിയമത്തെ ഉദ്യോഗസ്ഥരുടെ സമയം ദുര്‍വിനിയോഗം ചെയ്യാനുള്ള ഉപാധിയായി കാണാതെ പൊതുജനങ്ങള്‍ ഗുണപ്രദമായി പ്രയോജനപ്പെടുത്തണമെന്നും കമ്മീഷണർ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ തെളിവെടുപ്പില്‍ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹര്‍ജിക്കാരും പങ്കെടുത്തു.

19 പരാതികൾ പരിഗണിച്ചതിൽ 18 പരാതികൾ തീർപ്പാക്കി, നാല് പരാതികൾ തൽക്ഷണ വിവരം ലഭ്യമാക്കി, ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി, ഒരു പരാതിയിൽ മേൽ അധികമായി വാങ്ങിയ തുക തിരികെ നൽകാൻ ഉത്തരവായി.