കുണ്ടറ. മൺട്രോത്തുരുത്ത് കാരൂത്രക്കടവ് നെട്ടായത്തിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം സീസണിന്റെ പതിനൊന്നാംപാദ മത്സരത്തിൽ പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ വീയ്യപുരം ചുണ്ടൻ ഒന്നാമനായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗംചുണ്ടൻ രണ്ടാമത് ഫിനിഷ് ചെയ്തു. പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടനാണ് മൂന്നാംസ്ഥാനം. ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ സരിത്ത് ബാബു ക്യാപ്റ്റനായുള്ള യുവസാരഥി ബോട്ട് ക്ലബ്ബിന്റെ മൂന്ന് തൈക്കൻ ഒന്നാം സ്ഥാനവും സന്തോഷ് ശിപായിത്തറ ക്യാപ്റ്റനായ കെ.കെ.ബി.സി മൺറോത്തുരുത്തിൻ്റെ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ഡെസ്ലി റോയ് ക്യാപ്റ്റനായ വില്ലിമംഗലം എം.ജി.എം ൻ്റെ ശരവണൻ ഒന്നാം സ്ഥാനവും ദീപു ക്യാപ്റ്റനായ ശിങ്കാരപ്പള്ളി യുവരശ്മിയുടെ സെൻറ് ജോസഫ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് മത്സരത്തിൽ മൺറോത്തുരുത്ത് വേണാട് ബോട്ട് ക്ലബിൻ്റെ അളകാപുരി ബദ്രിനാഥ് ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ ഒന്നാമനായി. കൺട്രാം കാണി സ്പാർട്ടൻസ് ബോട്ട് ക്ലബിൻ്റെ രജ്ഞിത്ത് ക്യാപ്റ്റനായ നവജ്യോതി രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് ഇനത്തിൽ ഇന്ത്യൻ ബോയ്സിൻ്റെ സൗരവ് ക്യാപ്റ്റനായ പുന്നത്തറ പുരയ്ക്കൽ ഒന്നാമതും രജ്ഞിത്ത് കണ്ഠത്തിൽ ക്യാപ്റ്റനായ പടിഞ്ഞാറേക്കല്ലട അംബേദ്കർ ബോട്ട് ക്ലബിൻ്റെ ചിറമേൽ തോട്ടുകടവൻ രണ്ടാമത്തുമെത്തി.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ പതിനൊന്നാമത് പാദവത്സരം കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്ര കടവ് നെട്ടയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം കുഞ്ഞുമോൻ എംഎൽഎയും നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, എം എൽ എ എംഎൽഎമാരായ സുജിത്ത് വിജയൻ പിള്ള, സി ആർ മഹേഷ്, സിനിമാതാരം മധുപാൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ജില്ലാ സബ് കളക്ടർ മുകുന്ദ താക്കൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഗോപൻ, ചിറ്റുമല ബ്ലോക്ക് പ്രസിഡൻറ് ജയദേവി മോഹൻ, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡൻറ് ആൻസർ ഷാഫി, പഞ്ചായത്ത് പ്രസിഡൻറുമാരായ മിനി സൂര്യകുമാർ, സി ഉണ്ണികൃഷ്ണൻ, ഉമാദേവി അമ്മ, ജില്ലാ പഞ്ചായത്തംഗം സി ബൾഡുവിൻ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ദേവീദാസ് സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ് പ്രമീള നന്ദിയും പറഞ്ഞു.