ജി നകുലകുമാര്‍
ജനക്കൂട്ടത്തെ വകഞ്ഞ് മാറ്റിക്കൊണ്ട് ഒരു കാർ ഗ്രൗണ്ടിലേക്ക് കടന്ന് വരുന്നു. കാറിൽ നിറങ്ങിയ ആളെ കണ്ട് ജനം ആർപ്പ് വിളിച്ചു. സാക്ഷാൽ മധു സാർ, ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടി മധുസാറിന്റെ അരികിൽ എത്തി. എന്നെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണുകൾ ചുവന്ന് തുടുത്തു. ഞാൻ തെല്ലൊന്ന് അമ്പരന്നു നില്ക്കേ എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് കൊണ്ട് നിന്നെ നിന്റെ നാട്ടുകാരുടെ മുന്നിലിട്ട് തല്ലാൻ പോകുകയാണ് അദ്ദേഹം ഗര്‍ജ്ജിച്ചു
രണ്ടാമത് ഈ വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാർഡ് ഹാസ സാഹിത്യകാരൻ കൃഷ്ണാ പൂജപ്പുരയുടെ കലി കോലം എന്ന കൃതിക്കായിരുന്നു. ആ അവാർഡ് സമ്മേളനത്തിന്റെ ഓർമ്മയിലേക്ക്.
1999 മാർച്ച് 30 ന് ഇവിയുടെ ചരമദിനത്തിൽ ഏഴാംമൈൽ ഗവ:എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അവാർഡ് സമർപ്പണ സമ്മേളനം. സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെടേണ്ട വിശിഷ്ടാഥിതികളെ കണ്ടെത്തുന്നതിനുള്ള ചുമതല കമ്മിറ്റി എന്നെ ചുമതലപ്പെടുത്തി. അത് ഒരു കടമ്പ തന്നെയായിരുന്നു. പുസ്തകങ്ങളിലും സിനിമയിലും കണ്ടും വായിച്ചും മാത്രം പരിചയമുള്ള മുഖങ്ങളെത്തേടിയുള്ള ഒരു യാത്രയുടെ തുടക്കം. ഇവിയുടെ ചെറുമകനും അടൂർ ഭാസിയുടെ അനന്തരവനും നടനും എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തനുമായ ഈ അടുത്ത സമയത്ത് അന്തരിച്ച ബി. ഹരികുമാർ ചേട്ടന്റെ സഹായത്തോടെ മലയാളത്തിന്റെ അഭിനയ ചക്രവർത്തി മധു സാറിനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അദ്ദേഹം വരാമെന്ന് പറഞ്ഞു. ദിവസം അറിയിച്ചപ്പോൾ ഒരു പ്രശ്നമുണ്ട് മാർച്ച് 30 ന് മാക്ടയുടെ ഒരു മീറ്റിംഗ് ഏറണാകുളത്ത് രാവിലെ 10 മണിക്ക് വിളിച്ചിട്ടുണ്ട്. ഞാൻ അതിന്റെ പ്രസിഡന്റ് ആണ് എന്ത് ചെയ്യും എന്നദ്ദേഹം ചോദിച്ചു. എന്റെ മുഖം വാടി..
ഞാൻ ട്രെയിനിൽ പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.
സാർ മീറ്റിംഗ് എത്രമണിക്ക് തീരും എന്ന് രണ്ടും കല്പ്പിച്ച് ചേദിച്ചു.
ഒരു മണിക്ക് തീരും എന്നദ്ദേഹം പറഞ്ഞു.
സർ ,കാറിൽ പോയാൽ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. കാറിൽ പോകുന്നത് ചിലവ് കൂടുതലാണ് അത് കൊണ്ട് മറ്റൊരവസരത്തിലാകാം എന്ന് പറഞ്ഞപ്പോൾ സാറിന് കാറിൽ യാത്രയ്ക്ക് ബുദ്ധിമുട്ടില്ലെങ്കിൽ വാഹനം ഏർപ്പാടാക്കാം എന്ന് ഞാൻ ആവേശത്തോടെ പറഞ്ഞു. അങ്ങനെ അദ്ദേഹം അത് സമ്മതിച്ചു. ഞങ്ങൾ സന്തോഷത്തോടെ മടങ്ങി. പിന്നീട് ഞാൻ പോഗ്രാം നോട്ടീസും പോസ്റ്ററുമായി അദ്ദേഹത്തെ വീണ്ടും കണ്ടു. വൈകിട്ട് 5 മണിക്ക് കൊട്ടാരക്കര ടി.ബിയിൽ എത്താം നിങ്ങൾ അവിടെ വന്നാൽ നമുക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു.
മാർച്ച് 30 ഈ വി. അവാർഡ് സന്ധ്യയ്ക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കി വൈകും നേരമാവാൻ കാത്തിരുന്നു.
മലയാളത്തിന്റെ പ്രിയ കവികൾ ഡോ. അയ്യപ്പപണിക്കർ സാർ , കെ.ജി.ശങ്കരപ്പിള്ള സർ , പി.സി. സനൽകുമാർ ഐ എ എസ്. അവാർഡ് ജേതാവ് കൃഷ്ണ പൂജപ്പുര എന്നിവർ തിരുവനന്തപുരത്ത് നിന്നും എത്തി. മുൻ മന്ത്രിയും ഇപ്പോൾ പത്തനാപുരംMLA യും ചലച്ചിത്ര നടനുമായ കെ.ബി.ഗണേഷ് കുമാർ സാർ കൊല്ലത്ത് നടക്കുന്ന ഒരു ഷൂട്ടിംഗിന്റെ ലൊക്കേഷനിൽ നിന്നും എത്തി. നാല് മണിയോടു കൂടി ഞാൻ കൊട്ടാരക്കരയിൽ മധുസാറിനെ കൂട്ടി ക്കൊണ്ട് വരാൻ പോയി. അവിടെയെത്തി മധുസാറിനെ കാത്തിരുന്നു. സമയം കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. ആറ് മണി കഴിഞ്ഞിട്ടും അദ്ദേഹം എത്തിയില്ല. വിളിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. ഏഴാം മൈലിൽ നിന്നും നിരന്തരം വിളി വന്നുകൊണ്ടേയിരുന്നു. ഇനി താമസിച്ചാൽ വന്ന ചിലർക്ക് അസൗകര്യമുണ്ട് എന്നറിയിച്ചു. നിവൃത്തിയില്ലാതെ, മധുസാറില്ലാതെ ഞാൻ മടങ്ങാൻ തീരുമാനിച്ചു. ടി.ബി.യിൽ ഉണ്ടായിരുന്ന ഒരു നൈറ്റ് സ്റ്റാഫിന്റെ കൈയിൽ അവിടെ ചുമരിൽ പതിച്ച പോസ്റ്ററിൽ നിന്ന് ഒരു കഷ്ണം കീറിയെടുത്ത് അതിന്റെ പുറകിൽ പുത്തൂർ, നെടിയവിള , ഏഴാംമൈൽ എന്നെഴുതി അദ്ദേഹമെത്തിയാൽ കൊടുക്കാനേല്പ്പിച്ച് ഞാൻ മടങ്ങി.
സമ്മേളന നഗരിയിൽ വലിയ ജനക്കൂട്ടം . സമ്മേളനം തുടങ്ങി. കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ട് അയ്യപ്പ പണിക്കർ സാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി. ഹരികുമാർ ചേട്ടന്റെ പുസ്തകത്തിന്റെ പ്രകാശനം കെ.ബി. ഗണേഷ് കുമാർ ഇ.വി.യുടെ മകൻ കെ.പത്മനാഭൻ സാറിന് നൽകി.
പ്രസംഗശേഷം ഗണേഷ് സാർ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി. കേരള സാഹിത്യ അവാർഡ് ജേതാവ് ഞങ്ങളുടെ നാട്ടുകാരൻ കവി കെ.ജി ശങ്കരപ്പിള്ള സാറിനെ ആദരിച്ചു. ഈ വി. അനുസ്മരണ പ്രഭാഷണം പി.സി. സനൽകുമാർ സാർ നിർവ്വഹിച്ചു. സദസ്സ് ചിരിച്ച് രസിച്ചിരിക്കെ ജനക്കൂട്ടത്തെ വകഞ്ഞ് മാറ്റിക്കൊണ്ട് ഒരു കാർ ഗ്രൗണ്ടിലേക്ക് കടന്ന് വരുന്നു. കാറിൽ നിറങ്ങിയ ആളെ കണ്ട് ജനം ആർപ്പ് വിളിച്ചു. സാക്ഷാൽ മധു. ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടി മധുസാറിന്റെ അരികിൽ എത്തി. എന്നെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണുകൾ ചുവന്ന് തുടുത്തു. ഞാൻ തെല്ലൊന്ന് അമ്പരന്നു നില്ക്കേ എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് കൊണ്ട് നിന്നെ നിന്റെ നാട്ടുകാരുടെ മുന്നിലിട്ട് തല്ലാൻ പോകയാണ് ഭയന്ന ഞാൻ ആ കാലിൽ തൊട്ടു തൊഴുതിട്ട് പറഞ്ഞു സാർ ഞാൻ അവിടെ കാത്തിരുന്നു. അയ്യപ്പപണിക്കർ സാറിന് തിരിച്ച് പോകണം അത് കൊണ്ട് മീറ്റിംഗ് ഇനി താമസിക്കാൻ കഴിയില്ലാന്ന് അറിയിച്ചത് കൊണ്ട് എനിക്ക് പോരേണ്ടി വന്നത്.
മധു സാറിന്റെ എന്റെ ഷര്‍ട്ടിലെ പിടുത്തം പതിയെ അഴിഞ്ഞു. പണിക്കർ സാർ ഉണ്ടോ എന്ന് ചോദിച്ചു. വേദിയിൽ ഉണ്ട് എന്ന് മറുപടി നൽകി. യൂണിവേഴ്സിറ്റി കോളേണ്ടിൽ മധു സാറിന്റെ അദ്ധ്യാപകൻ ആയിരുന്നു പണിക്കർ സാർ. ഷർട്ടിലെ പിടി വിട്ടു ആ വലിയ കൈ എന്റെ തോളിലിട്ട് എന്നെ ചേർത്ത് പിടിച്ച് വേദിയിലേക്ക് . ഒടിഞ്ഞ് മടങ്ങി ഒപ്പം ഞാന്നും . കൊട്ടാരക്കരയിൽ നിന്നും വരുന്ന വഴിതെറ്റി സിനിമാ പറമ്പിൽ പോയി വീണ്ടും പാങ്ങോട് നിന്നും ഒരാളെയും കയറ്റിയാണ് ഏഴാം മൈലിൽ എത്തിയത്. ഞാൻ കാത്ത് നില്ക്കാത്തതും വഴി തെറ്റിയതുമാണ് അദ്ദേഹത്തിന് ദേഷ്യമായത്. ഞങ്ങൾ ഒരുക്കിയ ഭക്ഷണം കഴിച്ച് വണ്ടി കൂലിപോലും വാങ്ങാതെ അദ്ദേഹം തിരുവനന്തപുരത്തേക്ക് രാത്രിയിൽ യാത്രയായി . ഗുരു ശിഷ്യ ബന്ധത്തിന്‍റെ ബലത്തില്‍ മലയാളത്തിന്റെ മഹാനടനിൽ നിന്ന് ഒരടി കിട്ടാതെ പോയി…