നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം തടവിലാക്കി

Advertisement

ഓച്ചിറ.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാക്ക എന്ന് വിളിക്കുന്ന ഷാനെ കാപ്പാ നിയമപ്രകാരം ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, നരഹത്യ ശ്രമം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം പോലീസ് സ്റ്റേഷൻ പരിധികളിലായി പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് പിടിയിലായ ഷാൻ. പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ കുറ്റകൃത്യങ്ങൾ നടത്തിവന്ന ഷാൻ 2021 ൽ ഗുണ്ടാ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തുടർന്നും പല സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരവേ കഴിഞ്ഞ ഏപ്രിൽ മാസം ഓച്ചിറയിലെ ബാറിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളെ ബാംഗ്ലൂരിൽ നിന്നും ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഷാനെതിരെ കാപ്പാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവായതിനെ തുടർന്ന് ഓച്ചിറ പോലീസ് അന്വേഷിച്ചുവവേ ഒളിവിൽ പോവുകയായിരുന്നു.

ഇയാളെ പിടികിട്ടാത്തതിനെ തുടർന്ന് സർക്കാർ പിടികിട്ടാപുള്ളിയായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പല ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ രണ്ടുമാസം മുമ്പ് കോട്ടയത്തുനിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാൾ കൃഷ്ണപുരത്തെ ഒരു വീട്ടിൽ വന്നിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് വളഞ്ഞതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ പോലീസ് സാഹസികമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഓച്ചിറ സബ് ഇൻസ്‌പെക്ടർ നിയാസ്, സിവിൽ പോലീസ് ഓഫീസർമാരായ കനീഷ്, വിനോദ്, അനു, രാഹുൽ , സുധീന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇനിയും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് അറിയിച്ചു.

Advertisement