പരവൂർ: മകൻ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പരവൂർ ഇക്കരം കുഴി തെക്കേകല്ലും പുറം വീട്ടിൽ ശ്രീനിവാസൻ (83) നെയാണ് മകനായ അനിൽകുമാർ (52) കൊലപ്പെടുത്തിയത്. ഇയാൾ പരവൂർ നഗരത്തിലെ ഓട്ടോ റിക്ഷാ തൊഴിലാളിയാണ്. ഇയാൾ നിരന്തരം അച്ഛനുമായി വഴക്ക് ഉണ്ടാക്കാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും , സംഭവം നടക്കുന്നതിനു മുൻപും വഴക്ക് നടന്നു. അടി പിടിക്കിടയിൽ കയ്യിൽ കരുതിയിരുന്ന പെട്രോൾ, കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന ശ്രീനിവാസന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സമയം ശ്രീനിവാസന്റെ ഭാര്യയും അയൽപക്കത്തെ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഗ്നി രക്ഷാ സേനയേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. അവർ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്ന് ശ്രീനിവാസൻ മരിച്ചിരുന്നു. പ്രതിയെ സംഭവ സ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ദ്ധർ എത്തി പരിശോധന നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.