വൃത്തിയില്ലെന്നതോ പോട്ടെ ആദിക്കാട്ട് പമ്പ് ഹൗസ് മേഖലയിലിപ്പോള്‍ അസാന്മാര്‍ഗിക വൃത്തി

Advertisement

ശാസ്താംകോട്ട. തടാകതീരത്ത് സംരക്ഷണ പദ്ധതിയും ടൂറിസവും ചര്‍ച്ച പൊടിപൊടിക്കുമ്പോള്‍ തടാകത്തിന്റെ ഏറ്റവും മികച്ച വ്യൂപോയിന്‌റില്‍ അസാന്മാര്‍ഗിക കേന്ദ്രം. ആദിക്കാട്ട് പമ്പ് ഹൗസ് ആണ് ഇപ്പോള്‍ അസാന്മാര്‍ഗിക വൃത്തിയുടെ കേന്ദ്രവും പരിസരവാസികള്‍ക്ക് ഭീഷണിയുമായിരിക്കുന്നത്.

പടിഞ്ഞാറേകല്ലടയ്ക്ക് ജലം പമ്പ് ചെയ്‌തെടുത്തിരുന്ന എണ്‍പതുകളില്‍ സ്ഥാപിച്ച പമ്പ് ഹൗസ് ഇപ്പോള്‍ ഉപയോഗമില്ലാതെ കിടക്കുകയാണ്. ഇതിലുണ്ടായിരുന്ന ഇരുമ്പു സാമഗ്രികളും വയറിംങ് പോലും സാമൂഹികവിരുദ്ധര്‍ ഇളക്കി എടുത്തുകൊണ്ടുപോയി. പിന്നീട് ഇതിന്റെ ഇളക്കിക്കളഞ്ഞ ജനലിനു പകരം ഇഷ്ടിക വച്ച് അധികൃതര്‍ അടച്ചു. വാതില്‍ പൂട്ടിയെങ്കിലും അത് സാമൂഹികവിരുദ്ധര്‍ ഇളക്കിമാറ്റിയിരിക്കയാണ്. മദ്യം മയക്കുമരുന്ന് കച്ചവടവും മറ്റ് അസാന്മാര്‍ഗികവൃത്തിയും ഇവിടെ നടമാടുകയാണ്. പ്രധാനറോഡില്‍ നിന്നും വാരകള്‍മാത്രമുള്ള നിഗൂഡസ്ഥലമെന്ന നിലയില്‍ ഉള്ള സൗകര്യം ആണ് ഈ നാശത്തിനുകാരണം.


അതേസമയം ശാസ്താംകോട്ട തടാകത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യൂ കിട്ടുന്ന സ്ഥലമാണിത്. നേരത്തേ വിനോദസഞ്ചാരികള്‍ എത്തിയിരുന്ന സ്ഥലം. ഇതിനോട് ചേര്‍ന്ന സ്ഥലം മൈനാഗപ്പള്ളി പഞ്ചായത്തിന്റെ പരിധിയാണ്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഈ സ്ഥലം കൈമാറിഎടുത്ത് ടൂറിസം സെന്ററാക്കാവൂുന്നതാണ്. പ്രധാന പാതയോട് ചേര്‍ന്ന സ്ഥലം എന്ന നിലയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇതിനോട് അടുത്ത് തടാകതീരം പടിഞ്ഞാറേകല്ലട പഞ്ചായത്ത് വിനോദസഞ്ചാരത്തിനായി പദ്ധതിയിടുന്നുണ്ട്.

Advertisement