ശാസ്താംകോട്ട : ജനകീയ സമരം ശക്തമായതോടെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അഴകിയകാവ് ഗവ.എൽ.പി സ്കൂളിനു സമീപം പ്രവർത്തിച്ചു വന്ന അനധികൃത പ്ലാസ്റ്റിക് കമ്പനി പൂട്ടി.കഴിഞ്ഞ ദിവസമാണ് പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുവാൻ കമ്പനി അധികൃതർ തയ്യാറായത്.പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിനെതിരെ ആക്ഷൻ കൗൺസിൽ നടത്തി വന്ന സമരം കൂടുതൽ ശക്തമാക്കിയിരുന്നു.
കമ്പനിക്കെതിരെ ആക്ഷൻ കൗൺസിൽ രണ്ട് വർഷമായി നടത്തി വരുന്ന നിയമ – സമര പോരാട്ടങ്ങൾക്കാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്.ഹൈക്കോടതി നിർദേശ പ്രകാരം ഈ മാസം 12 നകം അന്തിമ വിധി വരാനിരിക്കെയാണ് പ്രവർത്തനം അവസാനിപ്പിച്ചത്.മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക് നൽകിയിരുന്ന ലൈസൻസ് റദ്ദാക്കിയിരുന്നു.ഒരു ഗ്രാമത്തെയും വരും തലമുറയെയും സംരക്ഷിക്കാൻ വേണ്ടി രാഷ്ട്രീയ- ജാതി ചിന്തകൾക്കപ്പുറം ജനത ഒറ്റക്കെട്ടായി നിലകൊണ്ടതിനെ തുടർന്നുണ്ടായ വിജയമാണ്
ഫാക്ടറി അടച്ചുപൂട്ടിയതിലൂടെ കാണാൻ കഴിയുന്നത്.നിരന്തര സമരത്തിലൂടെ നാട് നേടിയെടുത്ത മഹാ വിജയം ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ.ആക്ഷൻ കൗൺസിലിനോടൊപ്പം നിന്ന് സമരം വിജയിപ്പിക്കുവാൻ പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടികൾ,കേരള ശാസ്ത്രപരിഷത്ത്,വിവിധ സാംസ്കാരിക സംഘടനകൾ ഉൾപ്പെടെ എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ ചരിത്ര വിജയമെന്ന് ചെയർമാൻ ആർ.നളിനാക്ഷൻ,കൺവീനവർ കെ.രാജേഷ് കുമാർ എന്നി്വർ പറഞ്ഞു.