കൊല്ലം. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ കേസിൽ മൂന്ന് പ്രതികളേയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പ്രതികളിൽ നിന്ന് മൊഴിയടക്കം വീണ്ടും രേഖപ്പെടുത്തേണ്ടതിനാൽ ഏഴ് ദിവസത്തെ കസ്റ്റഡിയാകും ആവശ്യപ്പെടുക. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പാരിപ്പള്ളി എസ്.എച്ച്.ഒയും എസ്.ഐയും അടക്കമുള്ളവർ ക്രൈംബ്രാഞ്ചിൻറെ അന്വേഷണസംഘത്തിലുമുണ്ട്. പ്രതികൾ കുറ്റകൃത്യം നടത്താൻ ഇടയായ സാഹചര്യം ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചന അടക്കമുള്ള കാര്യങ്ങളിലും ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തും.