ശാസ്താംകോട്ട:വസ്തു തർക്കവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനെത്തിയ ശൂരനാട് സി.ഐ സഹോദരങ്ങളെയും വൃദ്ധരായ മാതാപിതാക്കളെയും അകാരണമായി മർദ്ദിച്ചതായി പരാതി.സഹോദരനെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ സഹോദരിയെ ആക്രമിച്ചുവെന്നും പറയുന്നു.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കമലാലയത്തിൽ അരുന്ധതിയാണ് ശൂരനാട് എസ്.എച്ച്.ഒക്ക് എതിരെ കൊല്ലം റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകിയത്.പരാതിയിൽ പറയുന്നത് ഇങ്ങനെ:ഡിസംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.രാവിലെ 9.15 ഓടെ മൂന്ന് പോലീസുകാർ ഇവരുടെ വീട്ടിലെത്തി സി.ഐ വിളിക്കുന്നതായി അറിയിച്ച ശേഷം അല്പം ദൂരെയുള്ള കുടുംബ വസ്തുവിലേക്ക് തന്നെയും സഹോദരനെയും മാതാപിതാക്കളെയും കൂട്ടിക്കൊണ്ട് പോയി.ഇതിലേ പോകുന്ന വാഹനങ്ങൾ തടയുമോടാ എന്നാക്രോശിച്ചു സഹോദരനെ മര്‍ദ്ദിച്ചു.ഇവരും ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ സ്വദേശിയുമായി വസ്തു തർക്കവുമായി ബന്ധപ്പെട്ട്
ശാസ്താംകോട്ട മുൻസിഫ് കോടതിയിൽ കേസ് നിലവിലുണ്ട്.ഇത് അറിയിച്ചെങ്കിലും സി.ഐ മര്‍ദ്ദനം തുടരുകയായിരുന്നുവത്രേ.സംഭവം
സഹോദരി ഫോണിൽ പകർത്തുന്നത് കണ്ട് ഫോൺ പിടിച്ചു വാങ്ങാൻ സി.ഐ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആണ് പരാതി.ഈ സമയം തടസം പിടിക്കാനെത്തിയ
രോഗികളായ മാതാപിതാക്കൾക്കും മർദ്ദനമേറ്റു.സഹോദരനെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസ് എടുക്കുകയും ചെയ്തു. അരുന്ധതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കളുമായാണ് കോടതിയിൽ കേസ് നടക്കുന്നതെന്നും ഇവരുടെ നിർദ്ദേശാനുസരണമാണ് സാധാരണക്കാരായ തങ്ങളെ സി.ഐ ക്രൂരമായി മർദ്ദിച്ചതെന്നും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.