പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം നാളെ… ഇന്ത്യൻ വ്യോമസേനയുടെ സാഹസിക അഭ്യാസപ്രകടനങ്ങളും അരങ്ങേറും

Advertisement

കൊല്ലം: ഒൻപതാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) മൂന്നാം എഡിഷന്റെ ഫൈനലും അഷ്ടമുടിക്കായലിൽ നാളെ രണ്ടിന് നടക്കും. ദക്ഷിണ വ്യോമസേനാ മേധാവി ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയാകും.
:പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരവും സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഒൻപതിന് ഉച്ചയ്ക്ക് 1.30-ന് മേയർ പ്രസന്നാ ഏണസ്റ്റ് പതാക ഉയർത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. എം.മുകേഷ് എം.എൽ.എ. അധ്യക്ഷനാകും. തേവള്ളിക്കൊട്ടാരത്തിനു സമീപത്തുനിന്നു കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്കു സമീപംവരെയുള്ള ഒരു കിലോമീറ്ററാണ് ട്രാക്ക്.
സി.ബി.എൽ.ഫൈനലിൽ ഒൻപതു ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കും. 12 മത്സരങ്ങളിൽനിന്നായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടന് സി.ബി.എൽ.ട്രോഫിയും 25 ലക്ഷം രൂപയും പ്രസിഡന്റ്‌സ് ട്രോഫിയും ആർ.ശങ്കർ മെമ്മോറിയൽ എവർറോളിങ്‌ ട്രോഫിയും സമ്മാനിക്കും.
രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിൽ സമ്മാനത്തുകയും ട്രോഫിയും നൽകും. പ്രസിഡന്റ്‌സ് ട്രോഫിയുടെ ഭാഗമായി വനിതകൾ തുഴയുന്ന മൂന്നു വള്ളങ്ങളടക്കം ഒൻപതു ചെറുവള്ളങ്ങളുടെ മത്സരവും നടക്കും.
ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി വള്ളങ്ങളുടെ മാസ് ഡ്രില്ലും ഇന്ത്യൻ വ്യോമസേന അവതരിപ്പിക്കുന്ന സാഹസിക അഭ്യാസപ്രകടനങ്ങളും നടക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കരിമരുന്നുപ്രയോഗം ഉൾപ്പെടെ പ്രത്യേക കലാ-സാംസ്കാരിക പരിപാടികളും കായലിൽ അരങ്ങേറും. സമാപനസമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.