വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയിലായി. കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താനഗര്‍ ബീമാ മന്‍സിലില്‍ മുസ്തലിഫ് (20) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അതിജിവിതയുമായി പരിചയം സ്ഥാപിച്ച പ്രതി ഇത് മുതലാക്കി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കില്ലെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പ്രതിയുടെ തുടര്‍ച്ചയായുള്ള ലൈംഗിക പീഡനത്തെ തുടര്‍ന്ന് അതിജീവിതക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കിളികൊല്ലൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ മുഖ്യപ്രതിയാണ്. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുകേഷ്, സായി സിപിഓമാരായ ഷാജി, ബിജീഷ്, ശ്യാം ശേഖര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.